തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടി വന്നെന്ന് മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍. എ.ഡി.ജി.പിയുടെ ഭാര്യയും മകളും അസഭ്യം പറഞ്ഞാണ് തന്നോട് സംസാരിച്ചിരുന്നതെന്നും ഇദ്ദേഹം പറയുന്നു.
“മലയാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നാംകിടക്കാരാണെന്നാണ് പറയാറുളളത്. ജോലിക്കെത്തുന്ന പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കും മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങിക്കും, സ്വിമ്മിങ് പൂള്‍ കഴുകിക്കും. എതിര്‍ത്താല്‍ ഭാര്യയും മകളും ശകാരിക്കും. ജാതിപ്പേര് വിളിച്ചാണ് അധിക്ഷേപിക്കുക. ഇനിയും ഈ ദാസിപ്പണി ചെയ്യാന്‍ വയ്യ.
എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എ.ഡി.ജി.പി തന്റെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. നിലവിലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ട്”-ഗവാസ്‌ക്കര്‍ പറഞ്ഞു.
എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ പരാതി നല്‍കിയ ഗവാസ്‌ക്കറിനെതിരെയും കേസെടുത്തിരുന്നു. മര്‍ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറാണ് സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദക്കെതിരെ പരാതി നല്‍കിയത്.
ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മര്‍ദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ ഗവാസ്‌കറിനെതിരെയും സ്‌നിഗ്ദ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ ഗവാസ്‌കറാണ് പരാതി നല്‍കിയത്. ഇന്നലെ രാവിലെ എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി.