| Friday, 2nd July 2021, 3:25 pm

കാറില്‍ പോകുമ്പോള്‍ പൊലീസ് സല്യൂട്ട് അടിക്കുന്നില്ല; ഡി.ജി.പിക്ക് പരാതി നല്‍കി തൃശ്ശൂര്‍ മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. തന്റെ ഔദ്യോഗിക കാറില്‍ പോകുന്ന സമയങ്ങളില്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നാണ് പരാതി.

ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് മേയര്‍ പരാതി നല്‍കി. പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നും മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സല്യൂട്ട് സംബന്ധിച്ച് ഡി.ജി.പി. ഉത്തരവിറക്കണമെന്നുമാണ് മേയറുടെ ആവശ്യം. പരാതി ഡി.ജി.പി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡി.ജി.പി. നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എം.എല്‍.എയ്ക്കും ഇതുസംബന്ധിച്ച് താന്‍ പരാതി നല്‍കിയിരുന്നെന്നും മേയര്‍ പറഞ്ഞു. എം.കെ. വര്‍ഗീസ് എന്ന വ്യക്തിയെ ബഹുമാനിക്കേണ്ടെന്നും പക്ഷേ തന്റെ പൊസിഷനെ ബഹുമാനിക്കണമെന്നും മേയര്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ മേയര്‍മാര്‍ക്കും വേണ്ടിയാണ് ഇത്തരമൊരു പരാതിയെന്നും അദ്ദേഹം പറഞ്ഞു.

Police do not salute when going by car; Thrissur mayor files complaint to DGP

We use cookies to give you the best possible experience. Learn more