| Thursday, 22nd November 2018, 8:09 am

പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രിയുടെ വാഹനമല്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി പൊലീസ്. പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രിയുടെ കാറല്ലെന്ന് പൊലീസ് പറഞ്ഞു.

വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണ് തടഞ്ഞത്. വാഹനവ്യൂഹം കടന്നുപോയത് 1.13ന് ആണ്. തടഞ്ഞവാഹനം വന്നത് 1.20നായിരുന്നു. കാറില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്ന സംശയത്താലാണ് തടഞ്ഞത്. ഇതോടെ കാറിലുള്ളവര്‍ മന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ എന്താണ് സംഭവിച്ചതെന്ന് മന്ത്രിക്ക് എഴുതി നല്‍കി. കാറില്‍ സംശയിച്ച വ്യക്തി ഇല്ലെന്നാണ് എഴുതി നല്‍കിയത്. മന്ത്രിയെ തടഞ്ഞെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ മന്ത്രി ദര്‍ശനം കഴിഞ്ഞ് മടങ്ങവെ പുലര്‍ച്ചെ ഒരു മണിക്കാണ് പൊലീസ് വാഹനം തടഞ്ഞിരുന്നത്.

പൊലീസ് നടപടിയെ തുടര്‍ന്നു മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ് അബദ്ധം പറ്റിയതാണെന്നും മന്ത്രിയാണ് വാഹനത്തിലെന്ന് അറിഞ്ഞിരുന്നില്ലെന്നും പോലീസ് അറിയിച്ചെങ്കിലും ചെറിയ രീതിയില്‍ തര്‍ക്കമുണ്ടായി.

സംഭവത്തില്‍ പൊലീസ് അദ്ദേഹത്തിന് മാപ്പെഴുതി നല്‍കുകയുണ്ടായി. എസ്.പി ഹരിശങ്കറാണ് മാപ്പ് രേഖാമൂലം എഴുതി നല്‍കിയത്.

അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ ശബരിമലയില്‍ ഹരിവരാസനം പാടി നടയടച്ചതിന് ശേഷമാണ് മന്ത്രിയും സംഘവും മലയിറങ്ങിയത്. രാത്രി 10 ന് സന്നിധാനം പോലീസ് സ്റ്റേഷനുമുന്‍ഭാഗത്ത് കുത്തിയിരുന്നു നാമജപം നടത്തിയവര്‍ക്കൊപ്പവും മന്ത്രി ഉണ്ടായിരുന്നു.

ചിത്രം കടപ്പാട്: മനോരമ ന്യൂസ്

We use cookies to give you the best possible experience. Learn more