|

മാധ്യമപ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പഞ്ചാബ് അസംബ്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പഞ്ചാബ് വിധാന്‍ സഭ (അസംബ്ലി) പ്രസ് ഗാലറി കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ക്ക് കത്തയച്ചു. ദല്‍ഹി പൊലീസ് മോശമായി പെരുമാറിയതായും കമ്മിറ്റി കത്തില്‍ പറഞ്ഞു.

പഞ്ചാബ് അസംബ്ലി പ്രസ് ഗാലറി കമ്മിറ്റി അംഗമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ദല്‍ഹി പൊലീസ് അനധികൃതമായി തടവില്‍ പാര്‍പ്പിച്ചുവെന്നും കത്തില്‍ പറയുന്നു.

പഞ്ചാബില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ പതിവായി അയക്കാറുണ്ടെന്നും കത്തില്‍ പറയുന്നു. അതിനാല്‍ തന്നെ പഞ്ചാബില്‍ നിന്നുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് യൂണിറ്റിന് കീഴില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു.

ഈ അവസരത്തിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരായി മദ്യവും മറ്റ് സാധനങ്ങളും വിതരണം ചെയ്യാന്‍ എത്തിയതെന്നും ഇത് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കത്തില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

പൊലീസിന്റെ നടപടിയില്‍ പഞ്ചാബ് അസംബ്ലി പ്രസ് ഗ്യാലറി കമ്മറ്റി അപലപിക്കുന്നതായും സംഭവത്തില്‍ പ്രതിഷേധമുയര്‍ത്തുന്നതായും കമ്മിറ്റി അറിയിച്ചു.

വിഷയത്തില്‍ ഉചതിമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: Police detained journalists illegally; Punjab Assembly has sent a letter to the Election Commission

Video Stories