നവവരന്‍ മുങ്ങി മരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്; മലവെള്ളപ്പാച്ചില്‍ അപകത്തിനിടയാക്കി
Kerala News
നവവരന്‍ മുങ്ങി മരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്; മലവെള്ളപ്പാച്ചില്‍ അപകത്തിനിടയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2022, 6:32 pm

കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ നവവരന്‍ മുങ്ങി മരിച്ചത് ഫോട്ടോ ഷൂട്ടിനിടെയാണെന്ന ചില
മാധ്യമ വാര്‍ത്തകളെ നിഷേധിച്ച് പൊലീസ്. പുഴയിലിറങ്ങിയതിനെ തുടര്‍ന്നുണ്ടായി മലവെള്ളപ്പാച്ചിലാണ് പാലേരി സ്വദേശി റെജിലാലിന്റെ മരണത്തിനിടയാക്കിയത്.

ഒഴുക്കില്‍പ്പെട്ട വധു കണികയെ രക്ഷപ്പെടുത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കണിക. പുഴയിലറങ്ങിയതിന് പിന്നാലെയുണ്ടായ ഉടന്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതാണ് അപകടത്തിനിരയാക്കിയത്.

രാവിലെ 11 മണിയോടെയാണ് ബന്ധുക്കള്‍ക്കെപ്പം ദമ്പതികള്‍ പഴക്കരയിലെത്തിയത്. പുഴയിലിറങ്ങുമ്പോള്‍ പുഴയില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും മലവെള്ളപ്പാച്ചില്‍ വന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധക്കുളും പറഞ്ഞു.

രജിലാലും കണികയും കണികയുടെ പിതാവ് സുരേഷിനും മറ്റൊരു ബന്ധുവിനുമൊപ്പമാണ് ചങ്ങരോത്ത് പഞ്ചായത്തിലെ പുഴയിലെത്തിയത്. ഇവര്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ അരയ്ക്കൊപ്പമേ വെള്ളമുയുണ്ടായിരുന്നുള്ളൂവെന്നും അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നുവെന്നും മറ്റൊരു ബന്ധു പറഞ്ഞു.

ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനായി ഇവര്‍ കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് എത്തിയിരുന്നു. ഇതാണ് തെറ്റായ വാര്‍ത്തക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്. റിജിലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുന്നതാണ് ഈ പുഴ. അപകടത്തില്‍പ്പെട്ട ദമ്പതികളുടെ വീടുകള്‍ അടുത്തടുത്ത പ്രദേശങ്ങളിലാണ്. ഇവരുടെ വീടിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്.