ആല്‍വാര്‍: പശുക്കളുമായി പോയ മുസ്‌ലിം യുവാവിനെ ഗോരക്ഷകര്‍ വെടിവെച്ചുകൊന്ന കേസില്‍ ഗോരക്ഷകരെ സംരക്ഷിക്കുന്ന വിശദീകരണവുമായി പൊലീസ്. കൊലപാതകത്തിനുപിന്നില്‍ “സാമൂഹ്യവിരുദ്ധ”രാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇവര്‍ പശുക്കടത്ത് തടയാന്‍ ശ്രമിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. ഗോരക്ഷകരാണ് കൊലപാതകത്തിന് പിന്നിലെന്നത് മറച്ചുവെച്ചാണ് സാമൂഹ്യ വിരുദ്ധര്‍ എന്ന വിശേഷണവുമായി പൊലീസ് എത്തിയിരിക്കുന്നത്.
നവംബര്‍ പത്തിനാണ് 35 കാരനായ ഉമ്മര്‍ഖാനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുവിനെ കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ഉമ്മര്‍ഖാനെ ഗോരക്ഷകര്‍ മര്‍ദ്ദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചു.
“അക്രമികള്‍ സാമൂഹ്യ വിരുദ്ധരാണ്. ഉമ്മര്‍ ഖാനും കൂടെയുണ്ടായിരുന്ന രണ്ടുപേരും പശുവിനെ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കുനേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു” ആല്‍വാര്‍ ജെയില്‍ എസ്.പി രാഹുല്‍ പ്രകാശ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അക്രമികള്‍ ഉമ്മര്‍ ഖാന്റെ ശരീരം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് വിവരമെന്നും പൊലീസ് പറഞ്ഞു. ഉമറിന്റെ അമ്മാവനായ ഇല്യാസ് ഖാന്‍ നല്‍കിയ മൊഴി അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരാളെ സംശയാസ്പദമായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആല്‍വാറില്‍ നിന്നുമാറി ഗോവിന്ദ്ഘറില്‍ അഞ്ചുപശുക്കളോടുകൂടി ഒരു ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് സംഭവവുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മര്‍ ഖാന്‍ സഞ്ചരിച്ച വാഹനമാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍. ഉമ്മര്‍ ഖാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്നു ഉമ്മര്‍.
വാഹനത്തിലുണ്ടായിരുന്ന ജാവേദ് ഖാന്‍, താഹര്‍ഖാന്‍ എന്നീവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ടയറുകള്‍ ഊരിയ നിലയിലായിരുന്നു ട്രക്ക്.
സംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഉമ്മറിനെ കൊലപ്പെടുത്തിയത് ഗോരക്ഷകരാണെന്നും ഗ്രാമമുഖ്യനായ ഷേര്‍ മുഹമ്മദ് ആരോപിച്ചിരുന്നു. ഉമ്മറിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടതാണെന്നും ട്രെയിനിനടിയില്‍ പെട്ടത് ഉമ്മറിന്റെ തലയും ഒരു കൈയും മാത്രമാണെന്നും വെടിയേറ്റ ശരീര ഭാഗത്തിന് ഒന്നും പറ്റിയിട്ടില്ലെന്നും ഷേര്‍ മുഹമ്മദ് പറഞ്ഞു
ഹിന്ദുവാണോ മുസ്‌ലീമാണോ എന്ന് നോക്കാതെ കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മതിയായ വിശദീകരണം ലഭ്യമായിട്ടില്ലെന്നും രാജസ്ഥാലെ പല നഗരങ്ങളേയും നിയന്ത്രിക്കാന്‍ ആവശ്യമായത്ര പൊലീസുകാര്‍ സേനയില്‍ ഇല്ലാത്തത് പരിമിധിയാണെന്നും മന്ത്രി പറഞ്ഞു.
പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ട് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ആല്‍വാറില്‍ വീണ്ടുമൊരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ ആറു പേര്‍ക്കും രാജസ്ഥാന്‍ പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.