കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേട്ടറിഞ്ഞാണ് ദുബായിലെ തനൂറ കലാകാരനായ ഈജിപ്ഷ്യന്‍ സ്വദേശി മുഹമ്മദ് ആലി തന്റെ സുഹൃത്ത് അഷറഫിന്റെ കൂടെ കേരളത്തിലേക്ക് വന്നത്. ദുബായിലെ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞ നാട് കണാനും സുഹൃത്തിന്റെ വീട്ടില്‍ കൂടല്‍ ചടങ്ങില്‍ പങ്കെടുക്കാനും തന്റെ രണ്ട് മാസത്തെ അവധിക്കാലം ആഘോഷമാക്കാനുമായിരുന്നു അത്. എന്നാല്‍ കേരളത്തില്‍ എറെ സന്തോഷത്തോടെ എത്തിയ മുഹമ്മദ് ഒരാഴ്ച തികയുന്നത് മുന്നേ തിരിച്ച് പോയി.
തന്റെ വീട്ട് കൂടുല്‍ ചടങ്ങിന് എത്തിയ മുഹമ്മദിനെ പൊലിസ് തീവ്രവാദിയെന്ന് വിളിച്ച് അപമാനിച്ചതിനെ തുടര്‍ന്നാമ് മുഹമ്മദ് ആലി തിരിച്ച് പോയതെന്നാണ് പേരാമ്പ്ര മൂലാട് സ്വദേശിയായ അഷറഫിന്റെ ആരോപണം. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന പേരാമ്പ്ര ഫെസ്റ്റിന് ഇടയ്ക്കാണ് മുഹമ്മദ് ആലിക്ക് പൊലീസില്‍ നിന്ന് അപമാനം നേരിടെണ്ടി വന്നതെന്നാണ് അഷറഫ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
“”ദുബായിലെ കലാകാരനായ മുഹമ്മദ് ഞാന്‍ വിളിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് വന്നത് രണ്ട് മാസത്തെ വിസയും കാര്യങ്ങളും എല്ലാം അവന് ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ കൂടല്‍ ചടങ്ങില്‍ മുഹമ്മദ് തനൂറ കളിക്കുകയും ചെയ്തിരുന്നു. പിന്നെ ഇവിടെ പേരാമ്പ്രഫെസ്റ്റ് നടന്നപ്പോള്‍ അവിടെ കൊണ്ട് പോകാം അവിടുത്തെ കാഴ്ച്ചകള്‍ ഒക്കെ കാണിച്ച് കൊടുക്കാം എന്ന് കരുതി കൊണ്ട് പോയത്. അവിടെ വെച്ച് എല്ലാം കമണ്ട് തിരിച്ച് വരുമ്പോള്‍ അവിടെ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു. അവര് എന്തിനാണ് ആയുധങ്ങളുമായി ഇരിക്കുന്നതെന്ന് മുഹമ്മദ് എന്നോട് ചോദിച്ചു. പൊലീസുകാരാണ് എന്ന് പറഞ്ഞപ്പോള്‍ അവരെ പരിചയപ്പെടണമെന്നായി അങ്ങിനെ പരിചയപ്പെടാന്‍ അവിടെക്ക് ചെന്നപ്പോള്‍ മുഹമ്മദ് എല്ലാവര്‍ക്കും സലാം കൊടുത്തു. അറബികളുടെ ഒരു രീതി എന്ന് പറഞ്ഞാല്‍ ഒരാളാണെങ്കില്‍ കൈ കൊടുക്കും ഒന്നില്‍അധികം ആളുകളാണെങ്കില്‍ സലാം പറയുകയാണ് ചെയ്യുക. അയാള്‍ സലാം പറഞ്ഞതും പൊലീസ് ചൂടായി. താന്‍ ആരാ ഞങ്ങളോട് സലാം പറയാന്‍ എന്ന് ചോദിച്ചുകൊണ്ട് ചൂടാവുകയായിരുന്നു”” അഷറഫ് പറഞ്ഞു.
തുടര്‍ന്ന് അഷറഫിനോടും മുഹമ്മദിനോടും കൂടെ വന്ന സുഹൃത്തുക്കളോടും പൊലീസ് ചൂടായെന്നും ഇയാളെ ഒക്കെ എന്തിനാ കൊണ്ട് വന്നതെന്ന് മുഹമ്മദിനെ ചൂണ്ടിക്കാട്ടി ചോദിക്കുകയും ഇയാള്‍ ഭീകരവാദിയോണോ എന്ന് എങ്ങിനെറിയാം എന്നും ചോദിച്ചെന്നും അഷറഫ് പറഞ്ഞു. വിദേശികളെ ഇങ്ങോട്ട് കൊണ്ട് വരുന്നതിന് ചില പ്രൊസീജര്‍ ഉണ്ടെന്നും അത് എന്തൊക്കെയാണെന്ന് പൊലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ വീണ്ടും ചൂടാവുകയായിരുന്നെന്നും അഷറഫ് പറഞ്ഞു.
എന്നാല്‍ രണ്ട് മാസത്തെ വിസയോടെയാണ് മുഹമ്മദ് കേരളത്തില്‍ വന്നത്. ഇവിടെ താമസിക്കുമ്പോള്‍ ചെയ്യേണ്ട് രജിസ്‌ട്രേഷനും കാര്യങ്ങളും അയാള്‍ താമസിച്ച ഹോട്ടല്‍ അധികൃതരാണ് ചെയ്യേണ്ടെതെന്നും അന്വേഷിച്ചപ്പോള്‍ മനസ്സിലായെന്നും അഷറഫ് പറഞ്ഞു. പൊലീസിന്റെ ഈ പെരുമാറ്റം മുഹമ്മദിനെ വല്ലാതെ വിഷമിപ്പിച്ചെന്നും അത് കൊണ്ട് വിസാ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ തിരിച്ച് പോയെന്നും നാട്ടില്‍ എത്തിയ ശേഷം എംബസി വഴി പരാതി നല്‍കുമെന്ന് പറഞ്ഞെന്നും അഷറഫ് പറഞ്ഞു.
അഷറഫിന്‍റെ വീട്ടില്‍ മുഹമ്മദ് അവതരിപ്പിച്ച തനൂറ
എന്നാല്‍ ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പേരാമ്പ്ര പൊലീസിന്റെ പ്രതികരണം. അങ്ങിനെ ഒരു പരാതി ഇവിടെ ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നും പേരാമ്പ്ര പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതേ സമയം മുഹമ്മദ് തന്റെ രേഖകള്‍ എല്ലാം തന്നെ തങ്ങളെ എല്‍പ്പിച്ചിരുന്നെന്നും ഒണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ആദ്യഘട്ടം തങ്ങള്‍ നടത്തിയതാണെന്നുമാണ് മുഹമ്മദ് താമസിച്ചിരുന്ന പേരാമ്പ്ര സൂര്യ റസിഡന്‍സി ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത് തങ്ങള്‍ക്ക് രജിസ്ട്രര്‍ ചെയ്യാനുള്ള ഒ.ടി.പി ലഭിക്കാഞ്ഞിട്ടാണെന്നും അവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അതേസമയം മുഹമ്മദിന് ഉണ്ടായ ഈ ദുരവസ്ഥ വിഷമം ഉണ്ടാക്കിയെന്നും മുഹമ്മദിനെ പോലെ തന്നെ മറ്റ് രണ്ട് പേര്‍ കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ വരാന്‍ നില്‍ക്കുകയായിരുന്നെന്നും അഷറഫ് പറഞ്ഞു. മുഹമ്മദിനോടും തങ്ങളോടും പൊലീസ് അപമര്യാദയായി പെരുമാറിയ പൊലീസ് ചെയ്തത് കേരളത്തിനെ അപമാനിക്കുന്ന നടപടിയാണെന്നും അഷറഫ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.