ക്രൂരമായ പൊലീസ് മര്‍ദനങ്ങളുടെ ഓര്‍മകളില്‍ കൂടിയുമാണ് അടിയന്തരാവസ്ഥക്കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെ അടിയേറ്റ് ചോരയില്‍ കുതിര്‍ന്ന തന്റെ കുപ്പായവുമായി അടിയന്തരാവസ്ഥ നാളില്‍ കേരള നിയമസഭയിലേക്ക് നടന്നുകയറിയ ഒരു ജനപ്രതിനിധിയുണ്ടായിരുന്നു കേരളത്തില്‍. അന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ എം.എല്‍.എയും ഇന്ന് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ ശ്രീ. പിണറായി വിജയന്‍. ചരിത്രത്തിന്റെ വിരോധാഭാസമാകാം, 2016 മെയ് 25 ന് പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം കേരളം സാക്ഷ്യം വഹിച്ചത് സമാനമായ പൊലീസ് അതിക്രമങ്ങളുടെ നിത്യസംഭവങ്ങള്‍ക്കാണ്. നീതിരഹിതമായ പൊലീസ് ഇടപെടലുകളുടെ ഇന്നോളം കാണാത്ത നിഷ്ഠൂര സംഭവങ്ങളാണ് കേരളത്തില്‍ ഇക്കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
ജനകീയ പ്രതിരോധങ്ങള്‍ക്ക് നേരെ ക്രൂരമായ മര്‍ദനങ്ങള്‍ നടന്നു. വ്യാജ ഏറ്റമുട്ടലുകള്‍, അന്യായമായ അറസ്റ്റുകള്‍, സദാചാര ആക്രമണങ്ങള്‍, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിങ്ങനെ നിരവധി സംഭവങ്ങള്‍ വേറെയും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളില്‍ ചേര്‍ക്കാന്‍ പൊലീസ് നടത്തിയ കുറ്റകൃത്യങ്ങളുടെ ഒരു വന്‍ നിര തന്നെയുണ്ട്. മനുഷ്യത്വത്തെക്കുറിച്ചുള്ള എല്ലാ പരിഷ്‌കൃത സങ്കല്‍പ്പങ്ങളെയും കടപുഴക്കുന്ന തരത്തില്‍ പ്രാകൃതവും ക്രൂരവുമായ ചെയ്തികളിലൂടെയാണ് പൊലീസ് സേന ഇന്ന് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തടയേണ്ട പൊലീസുകാര്‍ തന്നെ കൊലപാതകികളും കുറ്റവാളികളുമായി മാറുന്ന വിചിത്രസംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. വാളയാറിലെ പിഞ്ചു സഹോദരിമാരുടെ കൊലപാതകികളെ സംരക്ഷിച്ചത് മുതല്‍ കെവിന്‍ ജോസഫിന്റെ മരണത്തിന് കൂട്ടുനിന്നതടക്കമുള്ള അനേകം സംഭവങ്ങളില്‍ വളരെ പ്രത്യക്ഷമായി തന്നെ പൊലീസിന്റെ കുറ്റകൃത്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നിലനില്‍പ്പുമായി ബന്ധപ്പെട്ട ആശങ്കയും കുടിയൊഴിയല്‍ ഭീഷണിയും മൂലം സമരം ചെയ്ത പുതുവൈപ്പിലെയും മുക്കത്തെയുമെല്ലാം ജനങ്ങള്‍ക്ക് നേരെ എത്ര ഭീകരമായ മര്‍ദനമാണ് ഈ സര്‍ക്കാര്‍ അഴിച്ചുവിട്ടത്.
രാത്രികളില്‍ പുറത്തിറങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെ എറണാകുളത്തും കോഴിക്കോടും വെച്ച് പലതവണയായി നടന്ന മര്‍ദനങ്ങള്‍ വേറെയും. എത്രമാത്രം സദാചാരബോധത്തോടുകൂടിയാണ് ഈ പൊലീസ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് രാത്രിയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഒറ്റയ്ക്ക് നടന്നുപോയതിന് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയതും പെണ്‍കുട്ടിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തി സ്റ്റേഷനിലിട്ട് മര്‍ദിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ നടന്നിട്ടുണ്ട്. ദളിത് – ആദിവാസി – മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയും നിരവധി മര്‍ദനങ്ങള്‍ ഇക്കാലങ്ങളില്‍ നടന്നിട്ടുണ്ട്.
ഡി.വൈ.എസ്.പിയ്ക്ക് എതിരെ പരാതിയുമായെത്തിയ വീട്ടമ്മയെ ഒതുക്കാന്‍ പൊലീസ് തന്നെ ഗുണ്ടാപ്പടയെ ഇറക്കിയ സംഭവം, വരാപ്പുഴയില്‍ മോഷണക്കുറ്റമാരോപിക്കപ്പെട്ട (ഇവര്‍ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു) എഴുപതു കഴിഞ്ഞ വയോധികയെക്കൊണ്ട് പണം തിരിച്ചുനല്‍കാനെന്ന് പറഞ്ഞ് വീടും പുരയിടവും പൊലീസുകാര്‍ വില്‍പ്പിച്ച സംഭവം, എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ സുരേഷ് എന്ന ബസ് ഡ്രൈവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്ത സംഭവം, കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ അഞ്ച് ദിവസത്തോളം ലോക്കപ്പിലിട്ട് ചവിട്ടിയരച്ച സംഭവം, എന്നിങ്ങനെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം നടന്ന വിചിത്രവും ക്രൂരവുമായ പോലീസ് ചെയ്തികളുടെ എണ്ണിയാലൊടുങ്ങാത്ത കണക്കുകള്‍ ക്രോഡീകരിക്കുക എന്നത് തന്നെ അസാധ്യമായ ഒരു കാര്യമാണ്.
പൊലീസ് കൊലപാതകങ്ങളുടെ കണക്ക് സര്‍ക്കാറിന്റെ കയ്യിലില്ലത്രേ…
പിണറായി സര്‍ക്കാറിന്റെ പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍, പ്രതിപക്ഷ എം.എല്‍.എ മാരായ മഞ്ഞളാകുഴി അലി, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ചേര്‍ന്ന്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന കസ്റ്റഡി മരണങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ കയ്യില്‍ ഈ മരണങ്ങളുടെ വിവരങ്ങളൊന്നും നിലവിലില്ല എന്നും അവ ശേഖരിച്ചുവരുന്നേ ഉള്ളൂ എന്നുമാണ് മുഖ്യമന്ത്രി ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
പൊലീസുകാര്‍ പ്രതികളായ ഒട്ടേറെ മരണങ്ങള്‍ ഇതിനകം വിവാദമായിട്ടും സര്‍ക്കാറിന്റെ കയ്യില്‍ ഇവയുടെയൊന്നും വിവരങ്ങളില്ല എന്നത് അങ്ങേയറ്റം അവിശ്വസനീയമായ കാര്യമാണ്. ഈ മരണങ്ങളുടെ കണക്കുകളെ സര്‍ക്കാര്‍ തന്നെ ഭയക്കുന്നു എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതിനാല്‍ തന്നെ ഈ കണക്കുകളെ പൊതുസമക്ഷം കൊണ്ടുവരാനുള്ള ബാധ്യത ഒരു ജനാധിപത്യ സമൂഹത്തിനുണ്ട്. കാക്കിപ്പടയുടെ മര്‍ദനങ്ങള്‍ക്കിരയായി ലോക്കപ്പിനകത്തും പുറത്തും പൊലിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തപ്പെടുത്തിയേ തീരൂ. എന്തുകൊണ്ടെന്നാല്‍, ഭരണകൂടം ഒരു കാരണവുമില്ലാതെ കൊന്നുതള്ളിയ നിസ്സഹായരായ മനുഷ്യരാണിവര്‍.
നേരിട്ടും അല്ലാതെയുമായി പൊലീസുകാര്‍ പ്രതികളാവുന്ന കൊലപാതകങ്ങളുടെ കണക്കുകള്‍ ഇതാ:-
2016 സെപ്റ്റംബര്‍ 11 അബ്ദുല്‍ ലത്തീഫ്, വണ്ടൂര്‍
പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് നാലുമാസം തികയുന്നതിന് മുമ്പാണ് ആദ്യ കസ്റ്റഡി മരണം നടക്കുന്നത്. 2016 സെപ്റ്റംബര്‍ 18 ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഒരു ടയര്‍ മോഷണക്കേസിലെ പ്രതിയെന്ന് ആരോപിച്ച് 50 വയസ്സുകാരന്‍ അബ്ദുല്‍ ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ തന്നെ കാണാനെത്തിയ മകനോട് കടുത്ത മര്‍ദനമാണ് തനിക്കേല്‍ക്കേണ്ടി വരുന്നതെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഷനില്‍ നിന്നും ലത്തീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നു. പോലീസ് സ്റ്റേഷനിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് ലത്തീഫിനെ കാണപ്പെട്ടത്. ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് കംപ്‌ളെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.
2016 ഒക്ടോബര്‍ 8, കാളിമുത്തു, തലശ്ശേരി
വണ്ടൂര്‍ സംഭവം കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല; തലശ്ശേരിയില്‍ അടുത്ത കസ്റ്റഡി മരണം നടന്നു. 2016 ഒക്ടോബര്‍ 8 ന് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ച സേലം സ്വദേശിയായ കാളി മുത്തുവിനെ കൊല്ലപ്പെട്ട രീതിയിലാണ് പിന്നീട് കാണുന്നത്. ഇയാളുടെ അറസ്റ്റ് പോലും രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലെടുത്തതിന് പോലും തെളിവുകളില്ല. ഏതൊരു പൗരനെയും കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിരവധി നിബന്ധനകളുണ്ട്. ഇവയൊന്നും തന്നെ ഇവിടെ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേരള പൊലിസിനോട് വിശദീകരണം തേടിയിരുന്നു.
2016 ഒക്ടോബര്‍ 26, കുഞ്ഞുമോന്‍, കുണ്ടറ
ഒരു മുസ്ലിമും ഒരു ഇതര സംസ്ഥാനതൊഴിലാളിയുമായിരുന്നു ആദ്യത്തെ ഇരകളെങ്കില്‍ പിന്നീട് ഒരു ദളിത് യുവാവായിരുന്നു ഇര. 2016 ഒക്ടോബര്‍ 26 ന് കൊല്ലം ജില്ലയിലെ കുണ്ടറയില്‍ കുഞ്ഞുമോന്‍ എന്ന യുവാവും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് ബൈക്ക് ഓടിച്ചു എന്ന ഒരു പെറ്റിക്കേസില്‍ പിഴയടക്കാത്തതിനാണ് കുഞ്ഞുമോനെ പൊലീസ് അര്‍ദ്ധരാത്രിയില്‍ വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തത്. മകനെ കൊണ്ടുപോകരുതേ എന്ന് കുഞ്ഞുമോന്റെ അമ്മ കാലുപിടിച്ചു കരഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല. പിഴയടക്കാനുള്ള കാശുമായി പിറ്റേ ദിവസം പോലീസ് സ്റ്റേഷനിലെത്തിയ കുഞ്ഞുമോന്റെ അമ്മ കാണുന്നത് മകന്റെ ചലനമറ്റ ശരീരമാണ്. തലയക്കേറ്റ മാരക ക്ഷതമാണ് കുഞ്ഞുമോന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
2016 നവംബര്‍ 24, അജിത, കുപ്പു ദേവരാജ്, നിലമ്പൂര്‍
കേരള രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളിലൊന്നായ വര്‍ഗീസ് ഏറ്റുമട്ടല്‍ കൊലപാതകത്തിന് ശേഷം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത് പിണറായി സര്‍ക്കാറിന്റെ കാലത്താണ്. നവംബര്‍ 24ന് നിലമ്പൂരിലെ കരുളായി വനത്തില്‍ വെച്ച് അജിത, കുപ്പു ദേവരാജ് എന്നീ മാവോയിസ്റ്റുകളാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജീവനോടെ പിടികൂടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും അസുഖ ബാധിതരായി ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്ന ഇവരെ പൊലീസ് നിര്‍ദയം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന തരത്തിലുള്ള തെളിവുകള്‍ പിന്നീട് പുറത്തുവന്നിരുന്നു.
2017 ജൂലൈ 17, വിനായകന്‍, പാവറട്ടി
2017 ജൂലൈയില്‍ ഒരു ദളിത് യുവാവ് കൂടി പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായി. തൃശൂര്‍ പാവറട്ടിയില്‍ ഒരു പെണ്‍കുട്ടിയുമായി വഴിയില്‍ നിന്ന് സംസാരിച്ചതിന് വിനായകന്‍ എന്ന ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയും വംശീയമായ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു. തിരിച്ച് വീട്ടിലെത്തിയ വിനായകന്‍ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ബൂട്ട്സിട്ട് കാല്‍വിരലുകള്‍ ഞെരിച്ചതിന്റെ പാടുകള്‍, നെഞ്ചിലെയും ഇടുപ്പിലെയും ക്ഷതങ്ങള്‍, നീലിച്ച നഖങ്ങള്‍, പിന്‍കഴുത്തില്‍ പിടിച്ച് ഞെരിച്ചതിന്റെ പാടുകള്‍ എന്നിങ്ങനെ വിനായകന്റെ ദേഹമാസകലം പോലീസ് മര്‍ദനത്തിന്റെ അടയാളങ്ങളായിരുന്നു.
2017 ജൂലൈ 23, ബൈജു, പട്ടിക്കാട്
വിനായകന്റെ മരണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടില്ല. അതേ ജില്ലയില്‍ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറത്ത് മറ്റൊരു മരണം കൂടി നടന്നു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ജൂലൈ 23 ന് തൃശ്ശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഹാജരായ ചേറുങ്കുഴി സ്വദേശി ബൈജുവിനെ പിറ്റേ ദിവസം തന്റെ വീടിനടുത്ത ഷെഡില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബൈജുവിന്റെ ശരീരത്തില്‍ 19 മുറിവുകളും മര്‍ദനത്തിന്റെ നിരവധി പാടുകളും കണ്ടെത്തി.
2017 ജൂലൈ 29, സാബു, പെരുമ്പാവൂര്‍
ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെടുകയും ദിവസങ്ങളോളം പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാവുകയും ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂലൈ 29 ന് ആയിരുന്നു സംഭവം. യാതൊരു അന്വേഷണവും നടക്കാത്ത തരത്തില്‍ വാര്‍ത്ത മൂടിവെയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ പിന്നീട് അമീറുള്‍ ഇസ്ലാം എന്ന അതിഥി സംസ്ഥാന തൊഴിലാളിയെ കേസ്സിലെ പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തു.
2017 സെപ്തംബര്‍ 3, വിക്രമന്‍, മാറനല്ലൂര്‍
വിരമിച്ച പട്ടാള ഉദ്യോഗസ്ഥനായ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി വിക്രമനെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയതിനാല്‍ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടയില്‍ പൊലീസ് വിക്രമന്റെ കോളറിന് പിടിക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് ഒരു പോസ്റ്റിലിടിക്കുകയും അദ്ദേഹം തത്ക്ഷണം മരണപ്പെടുകയും ചെയ്തു. പൊലീസിനെതിരെ പ്രാദേശികമായ വലിയ പ്രതിഷേധങ്ങള്‍ ഈ സംഭവം സൃഷ്ടിച്ചിരുന്നു.
2017 സെപ്തംബര്‍ 7, രാജു, നൂറനാട്
കൊല്ലം ജില്ലയിലെ ചാരുമ്മൂട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത രാജു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പില്‍ നിന്നും താഴെ വീണ് മരിച്ചു.
2017 ഡിസംബര്‍ 4, രജീഷ്, തൊടുപുഴ
ഒരു നായര്‍ യുവതിയുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന് തൊടുപുഴ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്ന രജീഷിനെ യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് കസ്റ്റഡിയില്‍ നിന്നും പുറത്തുവന്ന രജീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
2018 മാര്‍ച്ച് 11, സുമി, ബിച്ചു, കഞ്ഞിക്കുഴി
ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഇരുചക്രവാഹനത്തെ പൊലീസ് അതിവേഗത്തില്‍ പിന്തുടര്‍ന്നു. പൊലീസ് പിറകെവരുന്നത് കണ്ട ബൈക്ക് യാത്രികര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. കഞ്ഞിക്കുഴി സ്വദേശിനി സുമി, പാതിരപ്പള്ളി സ്വദേശി ബിച്ചു എന്നിങ്ങനെ രണ്ടുപേര്‍ തത്സമയം മരിച്ചു.
2018 മാര്‍ച്ച് 23, അപ്പു നാടാര്‍, വാളിയോട്
ഇത്തവണ ഇരയായത് ഒരു കര്‍ഷകനാണ്. പാട്ടഭൂമിയില്‍ കൃഷി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം വാളിയോട് സ്വദേശി അപ്പു നാടാരെ ഭൂവുടമയുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മനം നൊന്ത ഇദ്ദേഹം തന്റെ കൃഷിയിടത്തില്‍ ചെന്ന് ആത്മഹത്യ ചെയ്തു. പൊലീസുകാരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം എഴുതി വെച്ചത്.
2018 ഏപ്രില്‍ 8, സന്ദീപ്, കാസര്‍ഗോഡ്
പരസ്യമായിരുന്ന് മദ്യപിച്ചതിന് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷാഡ്രൈവറുമായ സന്ദീപ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.
2018 ഏപ്രില്‍ 14, ശ്രീജിത്ത്, വരാപ്പുഴ
എറണാകുളം വരാപ്പുഴയില്‍ വാസുദേവന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ആന്തരികാവയവയങ്ങളടക്കം തകര്‍ന്നുപോയ തരത്തിലാണ് ശ്രീജിത്തിനേറ്റ മര്‍ദനങ്ങള്‍. ഒടുവില്‍ ശ്രീജിത്തും മരണത്തിന് കീഴടങ്ങി. ശ്രീജിത്തിന്റെ മരണം സംസ്ഥാനത്താകമാനം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കി.
സംഭവത്തില്‍ പറവൂര്‍ സി.ഐ, വരാപ്പുഴ എസ്.ഐ എന്നിവരടക്കം ഒമ്പത് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
2018 മെയ് 1, മനു, കൊട്ടാരക്കര
ശ്രീജിത്തിന്റെ മരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതുകൊണ്ട് യാതൊരു കുലുക്കവുമുണ്ടായില്ല. രണ്ടാഴ്ച്ചയ്ക്ക് ശേഷം കൊല്ലം കൊട്ടാരക്കരയില്‍ അടുത്ത മരണവും നടന്നു. അനധികൃത മദ്യ വില്പ്പന കേസ്സില്‍ എക്‌സൈസുകാര്‍ അറസ്റ്റ് ചെയ്ത മനു എന്ന യുവാവ് റിമാന്റിലിരിക്കെ മര്‍ദനമേറ്റ് മരിച്ചു. എന്നാല്‍ ശാരീരികാസുഖങ്ങള്‍ മൂലമുള്ള സ്വാഭാവിക മരണമാണിതെന്ന് കാണിച്ച് രക്ഷപ്പെടാനാണ് പൊലീസുകാര്‍ ശ്രമിച്ചത്.
2018 മെയ് 2, ഉനൈസ്, പിണറായി
പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിണറായിയിലെ ഓട്ടോ ഡ്രൈവര്‍ ഉനൈസ് ആശുപത്രിയില്‍ വെച്ച് മരിച്ചു. ഭാര്യാപിതാവിന്റെ പരാതിയില്‍ രണ്ട് തവണ പൊലീസ് കസ്റ്റഡിയിലെടുത്ത ഉനൈസ് ക്രൂരമായ മര്‍ദ്ദനമുറയ്ക്ക് ഇരയാവുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു.
2018 ആഗസ്ത് 3, അനീഷ്, കളയിക്കാവിള
ലഹരിമരുന്നുകള്‍ കൈവശം വെച്ചെന്നാരോപിച്ച് എക്സൈസ് സംഘം കസ്ററഡിയില്‍ എടുത്ത തിരുവനന്തപുരം കളയിക്കാവിള സ്വദേശി അനീഷിനെ മെഡിക്കല്‍ കോളേജിലെ തടവുകാരുടെ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
2018 നവംബര്‍ 3, സ്വാമിനാഥന്‍, കോഴിക്കോട്
മോഷണശ്രമം നടത്തിയെന്ന പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സ്വാമിനാഥന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. പരിപൂര്‍ണ ആരോഗ്യത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാമിനാഥന്റെ മരണകാരണം പൊലീസ് മര്‍ദനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
2019 മാര്‍ച്ച് 7, സി.പി ജലീല്‍, വയനാട്
വയാട്ടിലെ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായ സി.പി ജലീല്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തതിനാല്‍ തിരികെ നടന്ന ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജലീലിന് വെടിയേറ്റതായി കണ്ടെത്തിയ രീതിയും സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും റിസോര്‍ട്ട് ജീവനക്കാരുടെ മൊഴിയുമെല്ലാം പൊലീസ് വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു.
ജലീല്‍ കൊല്ലപ്പെട്ടത് പൊലീസിന്റെ ഏകപക്ഷീയമായ വെടിവെയ്പിലൂടെയാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടും അതിന്‍മേല്‍ യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വെടിവെയ്പ്പില്‍ കൊല ചെയ്യപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് സി.പി ജലീല്‍
2019 മെയ് 19, നവാസ്, കോട്ടയം
മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കോട്ടയം മണര്‍കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത അരീപ്പറമ്പ് സ്വദേശിയായ നവാസിനെ പൊലീസ് സ്റ്റേഷന്റെ കക്കൂസിലെ ജനാലയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടു. പൊലീസിനെ മര്‍ദിച്ചുവെന്ന കേസ്സില്‍ ഇതേ സ്റ്റേഷനില്‍ തന്നെ മുമ്പ് നവാസിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ പ്രതികാരത്തിന്റെ ഭാഗമായി പൊലീസ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി നവാസിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.
2019 ജൂണ്‍ 21, രാജ്കുമാര്‍, പീരുമേട്
പീരുമേട് ഹരിത ചിട്ടിതട്ടിപ്പ് കേസ്സിലെ പ്രതി രാജ്കുമാര്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് മൂന്നാംമുറകളടക്കമുള്ള കടുത്ത പൊലീസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം നാല് ദിവസത്തോളം കോടതിയില്‍ പോലും ഹാജരാക്കാതെ തുടര്‍ച്ചയായി മര്‍ദ്ദിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 32 മുറിവുകളാണ് രാജ്കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളടക്കം ഓഫ് ചെയ്തായിരുന്നു രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചത്.
പൊലീസുകാരെ വീണ്ടും വീണ്ടും കുറ്റവാളികളാക്കുന്നതെന്ത്?
2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള മൂന്ന് വര്‍ഷത്തിനിടയില്‍ പോലീസുകാര്‍ കാരണം മരണപ്പെട്ടവരുടെ കണക്കാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇതില്‍ പല സംഭവങ്ങളിലും പ്രതികളാണെന്ന് കണ്ടെത്തിയതിനാല്‍ സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പ്രമോഷനോട് കൂടി തിരിച്ച് സര്‍വീസിലെത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടിട്ടുള്ളത്.
വരാപ്പുഴ ശ്രീജിത്തിനെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ പൊലീസുകാരന് പ്രൊമോഷന്‍ ലഭിച്ച സംഭവവും കെവിന്‍ വധക്കേസ്സില്‍ പ്രതിയായ പൊലീസുകാരന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തിരിച്ച് സര്‍വീസില്‍ പ്രവേശിച്ച സംഭവവുമെല്ലാമുണ്ടായിട്ടുണ്ട്. മാത്രവുമല്ല, പൊലീസുകാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിച്ച ഒരു സംഭവം പോലും സമീപകാലത്തുണ്ടായിട്ടുമില്ല.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുപതിലധികം കൊലപാതകങ്ങള്‍, പൊലീസിനെതിരെ രജിസ്റ്റര്‍ ചെയിതിരിക്കുന്ന നൂറുകണക്കിന് കേസ്സുകള്‍, അനേകം ലാത്തിച്ചാര്‍ജ്ജുകള്‍, മേലുദ്യോഗസ്ഥരുടെ പീഡനം മൂലം സി.ഐ റാങ്കിലുള്ള പൊലീസുകാര്‍ വരെ നാടുവിട്ടുപോകുന്ന അവസ്ഥ, ജാതീയ പീഡനം മൂലം പൊലീസുകാര്‍ തന്നെ രാജി വെയ്ക്കുന്ന സംഭവങ്ങള്‍, എന്നിങ്ങനെ പൊലീസ് സംവിധാനത്തിന്റെ സകല വിശ്വാസ്യതകളെയും തകര്‍ത്തുകളയുന്ന ഒട്ടനേകം സംഭവങ്ങള്‍ തുര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അതേ കാലത്ത് തന്നെയാണ് പൊലീസിന് മജിസ്റ്റീരിയല്‍ പദവികൂടി നല്‍കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരമായ അവസ്ഥ.
എത്രയെത്ര മനുഷ്യജീവിതങ്ങളാണ് ഇക്കാലങ്ങളില്‍ പൊലീസുകാരാല്‍ ഇല്ലാതാക്കപ്പെട്ടത്. എത്രയെത്ര കുടുംബങ്ങളാണ് അതുവഴി അനാഥമാക്കപ്പെട്ടത്. ണിഞ്ഞിരിക്കുന്ന കാക്കിയുടെ ബലത്തില്‍ സാധാരണക്കാരായ മനുഷ്യരുടെ പ്രാണനെടുക്കാനുള്ള അധികാരം ആരാണീ പൊലീസിന് നല്‍കിയത്. നിരാലംബരായ മനുഷ്യരുടെ നിലവിളികള്‍ക്കും പിടയലുകള്‍ക്കും ഇടമാകാന്‍ ഈ ലോക്കപ്പുകളെ ഇനിയും ഇങ്ങനെ വിട്ടുകൊടുക്കാന്‍ പാടുണ്ടോ?
ഭരണകൂടദാസ്യത്തിലൂടെ തങ്ങള്‍ സൃഷ്ടിച്ചെടുത്ത കൃത്രിമവും വിശാലവുമായ ഒരു വിഹാരലോകത്തിരുന്ന് തങ്ങള്‍ തന്നെയാണ് നീതിയും നിയമവുമെന്ന് വരുത്തിത്തീര്‍ക്കുന്ന ഈ പോലീസ് സേന ഒരു ജനാധിപത്യരാജ്യത്തിന്റെ സകല ഭരണഘടനാ മൂല്യങ്ങളേയും കാറ്റില്‍ പറത്തുകയാണ്.
ആരംഭകാലം മുതല്‍ നിരവധി പൊലീസ് അടിച്ചമര്‍ത്തലുകളെ അതിജീവിച്ചു വന്ന ഒരു പ്രസ്ഥാനത്തിന്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തങ്ങള്‍ അധികാരത്തിലിരിക്കുമ്പോള്‍ പോലീസിന്റെ ദുഷ്ചെയതികളെ നിയന്ത്രിക്കേണ്ട ധാര്‍മികപരമായ ഉത്തരവാദിതമില്ലേ.
പൗരന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായ ബാധ്യതകളുള്ള പൊലീസ് എന്ന സംവിധാനത്തെ അതിന്റെ നേര്‍ വിപരീതാവസ്ഥകളില്‍ കണ്ടുശീലിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. ജനകീയവും ജനസൗഹൃദപരവുമായ ഒരു പൊലീസ് സംവിധാനത്തെ സാക്ഷാത്കരിക്കുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ അടിസ്ഥാന കടമകളിലൊന്നായിട്ടും, അധികാര താത്പര്യങ്ങളെ സാധിച്ചെടുക്കാനും അവ നിലനിര്‍ത്താനുമുള്ള ഒരു മര്‍ദനോപാധി എന്നതിനപ്പുറം പൊലീസ് സേനയെ ഭരണകൂടങ്ങള്‍ വിനിയോഗിച്ചതായുള്ള ചരിത്രം നമ്മുടെ രാജ്യത്തിനില്ല.
അധീശത്വ/വിധേയത്വ ബന്ധങ്ങള്‍ പ്രബലമായി നില്‍ക്കുന്ന നമ്മുടേത് പോലുള്ള ഒരു യാഥാസ്ഥിതിക സമൂഹത്തില്‍, പ്രബലമായ ജാതി, മതം, ലിംഗവിഭാഗം, സാമ്പത്തിക വര്‍ഗം, പാര്‍ട്ടി എന്നീ ഗണങ്ങളില്‍പ്പെടുന്നവരോട് ഇതിനുപുറത്തുള്ളവര്‍ നിരന്തരം വിട്ടുവീഴ്ച ചെയ്തും വിധേയപ്പെട്ടും അനീതികള്‍ നിശ്ശബ്ദം സഹിച്ചും ജീവിക്കേണ്ടി വരുന്ന ഒരു അലിഖിത വ്യവസ്ഥ ശക്തമായി നില്‍ക്കുന്നുണ്ട്. ഇത്തരമൊരു അലിഖിത വ്യവസ്ഥയെ കൃത്യമായി സംരക്ഷിച്ചും അതിന്റെ പരിണിത ഫലങ്ങളെ മൂര്‍ച്ഛിപ്പിച്ചുകൊണ്ടും പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് കൂടിയാകുമ്പോള്‍ അവിടെ ജനാധിപത്യം പൂര്‍ണമായും കശാപ്പ് ചെയ്യപ്പെടുകയാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വരേണ്യതയുടെയും ദല്ലാളുകളായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ പൊലീസ് സേനയുടെ സ്ഥാപനപരമായ പ്രശ്നങ്ങള്‍കൊണ്ട് തന്നെയാണ് പൊലീസിന്റെ ജനകീയവല്‍ക്കരണം എക്കാലത്തും അസാധ്യമായ ഒന്നായി മാറുന്നത്.
ഭരണകൂടങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ക്കുവേണ്ടി പലപ്പോഴും രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടുകൂടിയാണ് ഈ സംഘം പ്രവര്‍ത്തിക്കാറുള്ളത്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ ഇത്രമേല്‍ രൂക്ഷമായി നിലനിര്‍ത്തുന്നതില്‍ പോലീസിനോളം പങ്ക് മറ്റൊന്നിനുമില്ല.
ഭരണകൂടം, അധികാരം, സൈന്യം, ജനത, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലെ ബൗദ്ധിക ചര്‍ച്ചാ മണ്ഡലങ്ങള്‍ വളരെ സക്രിയമായി വികസിക്കുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന തരത്തിലാണ് ഭരണകൂട സേനകള്‍ അവരുടെ ഘടനയെ നിലനിര്‍ത്തുന്നത്. ഭൂതകാലങ്ങളില്‍ ശക്തമായ പോലീസ് അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ പ്രസ്ഥാനങ്ങള്‍ ഭരണത്തിലെത്തുമ്പേള്‍ പോലും പോലീസ് സംവിധാനത്തിന് യാതൊരു മാറ്റവുമുണ്ടാകുന്നില്ല എന്നതും നമുക്ക് കാണാം.