| Friday, 20th October 2023, 9:25 pm

ഇവിടെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കേണ്ട; പാക് ആരാധകനെ തടഞ്ഞ് പൊലീസ്, വിമര്‍ശനം ശക്തം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരത്തിനിടെ വീണ്ടും വിവാദം. പാകിസ്ഥാന്‍ ആരാധകരെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ലോകകപ്പില്‍ വീണ്ടും വിവാദങ്ങള്‍ ഉടലെടുത്തത്.

താന്‍ മത്സരം കാണാന്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണെന്നും പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരത്തില്‍ തന്റെ ടീമിനെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നമെന്നും ആരാധകന്‍ ചോദിക്കുന്നുണ്ടെങ്കിലും അത് അനുവദിച്ച് തരാന്‍ സാധിക്കില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്.

നേരത്തെ ഗുജറാത്തില്‍ നടന്ന പാകിസ്ഥാന്റെ മത്സരത്തിനിടയിലും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ ഔട്ടായതിന് പിന്നാലെ ഗുജറാത്ത് ക്രൗഡ് അദ്ദേഹത്തിനെതിരെ ജയ് ശ്രീറാം എന്ന് ആക്രോശിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

അതേസമയം, ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് ചെയ്‌സ് ചെയ്യുന്ന പാകിസ്ഥാന്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ 222 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 28 പന്തില്‍ 25 റണ്‍സടിച്ച സൗദ് ഷക്കീലും 24 പന്തില്‍ 29 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരാണ് പാകിസ്ഥാന്‍ സ്‌കോറിങ്ങിന് നിര്‍ണായകമായത്. 134 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സൃഷ്ടിച്ചത്.

അബ്ദുള്ള ഷഫീഖ് 61 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 71 പന്തില്‍ 70 റണ്‍സ് നേടി ഇമാം ഉള്‍ ഹഖും സ്‌കോര്‍ ഉയര്‍ത്തി. 14 പന്തില്‍ 18 റണ്‍സ് നേടിയ ബാബര്‍ അസമിന്റെ വിക്കറ്റാണ് മൂന്നാമതായി പാകിസ്ഥാന് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ വിക്കറ്റില്‍ 259 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Content highlight: Police criticized for not allowing Pakistani fan to chant Pakistan Zindabad

We use cookies to give you the best possible experience. Learn more