ചന്ദ്രശേഖരന്‍ വധക്കേസ്: കൂറുമാറിയ പോലീസ് ട്രെയ്‌നിയെ തരംതാഴ്ത്തി
Kerala
ചന്ദ്രശേഖരന്‍ വധക്കേസ്: കൂറുമാറിയ പോലീസ് ട്രെയ്‌നിയെ തരംതാഴ്ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2014, 7:00 am

[share]

[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ പോലീസ് ട്രെയ്‌നിയെ സര്‍വീസില്‍നിന്നു തരംതാഴ്ത്തി. മുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കണ്ണൂര്‍ കടന്നപ്പള്ളി കൊയക്കീല്‍ ഹൗസില്‍ എം നവീനെയാണു പുതിയ ബാച്ചിലേക്കു തരംതാഴ്ത്തിക്കൊണ്ട് ഐ.ആര്‍ ബറ്റാലിയന്‍ കമാന്‍ഡന്റ് പി.ഐ വത്സന്‍ ഉത്തരവിറക്കിയത്.

അസി.കമാന്‍ഡന്റ് ബിജുകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കൂറുമാറിയിട്ടും നവീനെതിരേ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നവീന്റെ കൂറുമാറ്റം പ്രതികളെ വിട്ടയക്കുന്നതിന് ഇടവരുത്തിയിട്ടില്ലെന്നും അതിനാല്‍ സേനയില്‍നിന്നു പുറത്താക്കേണ്ടതില്ലെന്നുമാണു തീരുമാനം.

അതേസമയം ആഭ്യന്തരവകുപ്പ് അവധി നല്‍കി കോടതിയിലേക്കയച്ച നവീന്‍ പോലീസിനും പ്രോസിക്യൂഷനും എതിരെ മൊഴിനല്‍കിയത് വീഴ്ചയാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തരംതാഴ്ത്തല്‍ നടപടി. തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായിരുന്നു നവീന്‍.

13ാം പ്രതി പി.കെ കുഞ്ഞനന്തനെതിരേ നല്‍കിയ മൊഴിയാണു നവീന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. 2012 മേയ് 30 നു രാത്രി എട്ടേകാലിനു കെ അശോകനും നവീനും മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നു പോകാനൊരുങ്ങുമ്പോള്‍ സരിന്‍ ശശിയും കുഞ്ഞനന്തനും കുമാരനും അവിടേക്കു വരുന്നതു കണ്ടുവെന്നായിരുന്നു മൊഴി.

പ്രോസിക്യൂഷന്‍ സാക്ഷിയായ നവീന്‍ വിചാരണയ്ക്കിടെ മൊഴിമാറ്റി. സരിന്‍ ശശിയോ കുഞ്ഞനന്തനോ കുമാരനോ സി.പി.ഐ.എം. ഓഫീസിലേക്കു വരുന്നതു കണ്ടിട്ടില്ലെന്നും സി.പി.ഐ.എമ്മുമായി ബന്ധമില്ലെന്നുമായിരുന്നു നവീന്‍ കോടതിയില്‍ പറഞ്ഞത്.

പോലീസിലേക്കു സെലക്ഷന്‍ ലഭിക്കും മുമ്പു കണ്ണൂര്‍ മാടായി സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ.എം. കടന്നപ്പള്ളി പടിഞ്ഞാറേക്കര ബ്രാഞ്ച് അംഗവും ഡിവൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായി നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്താണു പോലീസ് ടി.പി കേസില്‍ സാക്ഷിയാക്കുന്നത്. പോലീസ് ട്രെയിനിയായി തെരഞ്ഞെടുത്തതിനു ശേഷമായിരുന്നു വിചാരണ.