പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ വമ്പന്‍ കോപ്പിയടി; പശ്ചിമ ബംഗാളില്‍ 42 പേര്‍ അറസ്റ്റില്‍
national news
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ വമ്പന്‍ കോപ്പിയടി; പശ്ചിമ ബംഗാളില്‍ 42 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th September 2018, 12:30 pm

ന്യൂദല്‍ഹി: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ തിരിമറി നടത്തിയ 42 പേരെ പശ്ചിമബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് അറസ്റ്റ് ചെയ്തു.

“”വിവിധ പരീക്ഷാ സെന്ററുകളില്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ വയര്‍ലെസ് ഡിവൈസുകളും മറ്റും പരീക്ഷക്കിടെ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. പരീക്ഷക്കിടെ വലിയ ക്രമക്കേടാണ് ഇവര്‍ നടത്തിയത്””- പോലീസ് ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു.

ചില ഡിവൈസുകള്‍ ഷൂവിന് ഇടയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. വയര്‍ലെസുമായി കണക്ട് ചെയ്ത മൊബൈല്‍ ഫോണില്‍ ഉത്തരങ്ങള്‍ പുറമെ നിന്നും ചില്‍ പറഞ്ഞുകൊടുക്കുകയായിരുന്നു – പശ്ചിമ ബംഗാള്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിഷാദ് പര്‍വേസ് പറഞ്ഞു.


റഫേലില്‍ അംബാനിക്ക് വേണ്ടി എച്ച്.എ.എല്ലിനെ മോദി തഴഞ്ഞു; കരാറില്‍ എച്ച്.എ.എല്‍ പങ്കാളിത്തം വെളിപ്പെടുത്തി പുതിയ വീഡിയോ


സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിലുള്ള 28 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമക്കേട് നടത്തിയ മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ ഉത്തര്‍പ്രദേശിലും സമാന സംഭവം നടന്നിരുന്നു. യു.പി പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെ തിരിമറി നടത്തിയ 16 പേര്‍ക്കെതിരെയായിരുന്നു അന്ന് കേസെടുത്തിരുന്നത്.

തട്ടിപ്പ് നടത്താതിരിക്കാനായി രാജസ്ഥാനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടന്ന ജൂലൈയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. മാത്രമല്ല മാര്‍ച്ച് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷയും റദ്ദ് ചെയ്തിരുന്നു.