| Monday, 28th January 2019, 10:42 am

തുടരുന്ന ഏറ്റുമുട്ടല്‍; യു.പിയില്‍ 26 കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമോറയില്‍ ഞായറാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ 26 കാരനായ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൗധരിയാണ് കൊല്ലപ്പെട്ടത്.

19 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശിവവതാറിന്റെ വെടിയേറ്റാണ് ഇദ്ദേഹം മരിച്ചത്. 2016 ലാണ് ഹര്‍ഷ് പൊലീസ് സേനയില്‍ ചേര്‍ന്നത്.
നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ പ്രതി ശിവവതാര്‍ അമോറ ജില്ലയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് സംഘം അമോറയിലെ ബച്ചോരന്‍ മേഖലയില്‍ എത്തിയത്.


മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളല്ലേ,; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി; സംസ്‌ക്കാരം തൊട്ടുതീണ്ടാത്തവനെന്ന് മറുപടി


പൊലീസ് എത്തിയതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും ഇതോടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഹര്‍ഷ് ചൗധരിയ്ക്ക് വെടിയേല്‍ക്കുന്നത്.

ഇദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അനന്ത് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ പ്രതി ശിവവതാറും കൊല്ലപ്പെട്ടു.

കോണ്‍സ്റ്റബിള്‍ ഹര്‍ഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ 3000 ത്തോളം ഏറ്റുമുട്ടലുകളാണ് നടന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ പൊലീസുകാരനാണ് ഹര്‍ഷ് ചൗധരി. 78 ഓളം ക്രിമിനലുകള്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ വാദം.

We use cookies to give you the best possible experience. Learn more