| Tuesday, 18th June 2019, 10:58 am

യുവതിയ്‌ക്കെതിരെ ബിനോയ് കണ്ണൂര്‍ ഐ.ജിയ്ക്ക് പരാതി നല്‍കിയിരുന്നു: സ്ഥിരീകരിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: യുവതിയ്‌ക്കെതിരെ ബിനോയ് കോടിയേരി പരാതി നല്‍കിയിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. കണ്ണൂര്‍ ഐ.ജിയ്ക്ക് നല്‍കിയ പരാതി തുടര്‍ നടപടിയ്ക്കായി കണ്ണൂര്‍ എസ്.പിയ്ക്കു കൈമാറിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

കണ്ണൂര്‍ എസ്.പിയുടെ ചുമതല വഹിച്ചിരുന്ന ശിവവിക്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശിവവിക്രം അടുത്തിടെ എസ്.പി സ്ഥാനത്തുനിന്നും മാറിയിരുന്നു.

മെയ് ആദ്യവാരമാണ് ബിനോയിയുടെ പരാതി ലഭിച്ചത്. കേസെടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ഐ.ജിയുടെ വഴിയാണ് പരാതി ലഭിച്ചത്. പരാതിക്കൊപ്പം യുവതി ബിനോയ്ക്ക് അയച്ചെന്നു പറയപ്പെടുന്ന കത്തുമുണ്ടായിരുന്നു. ഇതിന്മേല്‍ തുടര്‍നടപടികള്‍ ആലോചിച്ചു വരുന്ന വേളയിലായിരുന്നു തെരഞ്ഞെടുപ്പുണ്ടായത്. തിരക്കിനിടയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലേക്ക് പോയില്ലെന്നും മുന്‍ എസ്.പി അറിയിച്ചു.

ഈ കേസിന്റെ നിയമവശങ്ങള്‍ പരിശോധിച്ചു വരുന്നതിനിടെയാണ് ജൂണ്‍ ആദ്യം വാരം മുംബൈയില്‍ യുവതി പരാതി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ബിനോയിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

വിവാഹ വാഗ്ദാനം നല്‍കി ലെെംഗികമായി ആക്രമിച്ചുവെന്നായിരുന്നു ബിനോയിക്കെതിരെ 33 കാരിയായ മുംബൈ സ്വദേശിനി നല്‍കിയ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി ആക്രമിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നത്.

‘ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.

‘2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’യെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബിനോയ് ആരോപണം തള്ളുകയാണുണ്ടായത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണിതെന്നാണ് ബിനോയിയുടെ ആരോപണം.

പരാതിക്കാരിയെ അറിയാം. തന്നെ ഭീഷണിപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് പൊലീസ് സ്ഥിരീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more