തിരുവനന്തപുരം: ബോണക്കാട് കുരിശുപള്ളി സംഘര്‍ഷം തിരുവനന്തപുരത്തേക്ക് കൂടി വ്യാപിച്ചു. തീര്‍ഥാടനത്തിനെത്തിയ വിശ്വാസികള്‍ ബസ്സിനുനേരേ കല്ലെറിഞ്ഞു. പൊലീസ് വിശ്വാസികള്‍ക്കുനേരേ ലാത്തിചാര്‍ജ് നടത്തി. തുടര്‍ന്ന് നടന്ന പൊലീസ് അക്രമത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
അക്രമം വ്യാപകമായതോടെ തിരുവനന്തപുരം ജഗതിക്ക് സമീപം പൊലീസ് ബസ്സ് തടഞ്ഞിരുന്നു. മാത്രമല്ല ബസ്സിനുനേരേ കല്ലെറിഞ്ഞ വിശ്വാസികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട ബാക്കിയുള്ളവര്‍ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ്.
നേരത്തേ നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലുള്ള ആരാധാനകേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസും വിശ്വാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിരിഞ്ഞ് പോകാന്‍ വിശ്വാസികളോട് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഉത്തരവ് വകവെയ്ക്കാത്ത വിശ്വാസികള്‍ക്കുനേരേ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് ജനങ്ങള്‍ പൊലീസിന് നേരേ കല്ലേറ് നടത്തി. വൈദികര്‍ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
ബോണക്കാട് കുരിശുമലയില്‍ മുമ്പ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായത്. ഇതിനെത്തുടര്‍ന്ന് ഇവിടേക്കുള്ള സന്ദര്‍ശനം അധികൃതര്‍ വിലക്കിയിരുന്നു. കയ്യേറ്റഭൂമിയാണെന്ന് ആരോപിച്ച് ഇവിടെ ആരാധനയ്ക്കായി സ്ഥാപിച്ചിരുന്ന കുരിശുകളും അള്‍ത്താരയും മുമ്പ് ചിലര്‍ തകര്‍ത്തിരുന്നു. കുരിശ് തകര്‍ത്തത് വനംവകുപ്പിന്റെ അറിവോടെയല്ലന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.