| Tuesday, 17th September 2019, 10:41 am

ബാങ്ക് സെര്‍വര്‍ ചോര്‍ത്തല്‍ വ്യാപകം; അക്കൗണ്ട് വിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളുടെ സെര്‍വര്‍ ചോര്‍ത്തി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പു സംഘങ്ങള്‍ തട്ടിയെടുക്കുന്നത് സ്ഥിരീകരിച്ച് പൊലീസ്. വിവരങ്ങള്‍ വന്‍തോതില്‍ ഇന്റര്‍നെറ്റില്‍ വില്‍പനക്ക് വയ്ക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം വെളിപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോലീസ് ഒരുക്കുന്ന കൊക്കൂണ്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍. അക്കൗണ്ടിലുള്ള പണം ഉടമയറിയാതെ ചോര്‍ത്തുന്നെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ടും മനോജ് അബ്രഹാം പറഞ്ഞു.

‘ഒ.ടി.പി ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്തു, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഉടമ വീഴ്ച വരുത്തി എന്നാണ് പരാതിയില്‍ ബാങ്കിന്റെ പ്രതികരണം. എന്നാല്‍ അങ്ങനെയല്ലാതെ ബാങ്കിന്റെ സുരക്ഷാവീഴ്ച കൊണ്ടുതന്നെ പണം നഷ്ടപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടെന്ന് പൊലീസിലെ സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്’, വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് വിശദീകരിച്ചു.

ഇന്റര്‍നെറ്റിലെ അധോലോകം എന്നുതന്നെ പറയാവുന്ന ഡാര്‍ക്ക് നെറ്റില്‍ ഇവ വന്‍തോതില്‍ വില്‍പനക്ക് വയ്ക്കുന്നുണ്ട്. ഒരൊറ്റ ബാങ്കിന്റെ തന്നെ 50,000 വരെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകള്‍ അവകാശപ്പെടുന്നത് പോലെ മറ്റേതെങ്കിലും വഴിക്ക് ചോരുന്നതാണെങ്കില്‍ എല്ലാ ബാങ്കുകളുടേയും വിവരങ്ങള്‍ ഇടകലര്‍ന്ന് കാണുമായിരുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിക്കുന്ന ഏജന്‍സികള്‍ വഴി ചോരാനുള്ള സാധ്യതയും ഉണ്ട്. എന്ത് തന്നെയായാലും അക്കൗണ്ട് ഉടമയുടെ വീഴ്ച അല്ലെന്ന് വ്യക്തമായാല്‍ ബാങ്ക് നഷ്ടം നികത്തണം’, മനോജ് അബ്രഹാം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാവീഴ്ച പലപ്പോഴും വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഒരു പരാതിയും കേരളത്തിലെ ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more