| Friday, 17th April 2020, 3:36 pm

ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ രംഗോലിക്കെതിരെ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദലിനെതിരെ പൊലീസില്‍ പരാതി. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ആയതിനു പിന്നാലെയാണ് പരാതി.

അഭിഷാഷകന്‍ അലി കഷിഫ് ഖാന്‍ ആണ് അംബോലി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ലോകം കൊവിഡ് പ്രതിസന്ധിയിലായിരിക്കുമ്പോള്‍ രംഗോളി ഒരു മതത്തെ ഉന്നം വെച്ച് സംസാരിക്കുകയും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി വില കുറഞ്ഞ രീതിയില്‍ പെരുമാറിയെന്നും അഭിഭാഷകന്‍ പറയുന്നു.

നേരത്തെ സംവിധായിക ഫറാ ഖാനും രംഗോലിക്കെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ഈ സമയത്ത് സമാധാനമാണ് ലോകത്തിന് ആവശ്യമെന്നുമായിരുന്നു ഫറഖാന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ രംഗോലി പ്രതകരിച്ചിരുന്നു. ട്വിറ്റര്‍ അമേരിക്കന്‍ പ്ലാറ്റ്‌ഫോമാണെന്നും ഇന്ത്യ വിരുദ്ധമാണെന്നുമായിരുന്നു രംഗോലി പറഞ്ഞത്. ഒപ്പം ട്വിറ്റര്‍ ഇനി തിരിച്ചടുക്കുന്നില്ലെന്നും രംഗോലി പറഞ്ഞു.

ഏപ്രില്‍ 16 വ്യാഴാഴ്ചയാണ് താല്‍ക്കാലികമായി രംഗോലി ചന്ദലിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തിവച്ചത്. മൊറാദാബാദ് കല്ലേറ് സംഭവത്തില്‍ വിവാദമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊവിഡ് പരിശോധനയ്ക്ക് പോയ ഡോക്ടര്‍മരുടെയും പൊലീസുകാരുടെയും നേര്‍ക്ക് പ്രദേശത്തുള്ള ചില ആള്‍ക്കാര്‍ കല്ലെറിഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം ജനിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് രംഗോളിയുടെ ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചലച്ചിത്ര സംവിധായക റീമ കഗ്തി മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. രംഗോളി ചന്ദലിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെയാണ് ഇവരുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ഇന്ത്യയില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രംഗോലി ചന്ദല്‍ ട്വീറ്റ് ചെയ്തിരുന്നു. 2024 ലും മോദി അധികാരത്തില്‍ തുടരണമെന്നാണ് രംഗോലി പറഞ്ഞത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മോദി രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കരകയറ്റുമെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ചെലവാക്കേണ്ടി വരികയെന്നും അതിനാല്‍ 2024 ലെ പൊതു തെരഞ്ഞെടുപ്പ് വേണ്ടെന്നുമാണ് രംഗോളി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ നമ്മള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോവുന്നത്. മോദിജി സമ്പദ് വ്യവസ്ഥയെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചു പിടിക്കുമെന്ന് എനിക്കുറപ്പാണ്. പക്ഷെ തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ 2024 ലെ തെരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കുകയും അടുത്ത ഭരണകാലത്തും നമ്മളെ നയിക്കാന്‍ മോദിജിയെ അനുവദിക്കുകയും ചെയ്യണം,’ രംഗോലി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more