| Saturday, 2nd July 2022, 9:16 pm

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പൊലീസില്‍ പരാതി.

പി.സി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം, എന്ന പരാമര്‍ശം നടത്തിയതിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂര്‍ ആണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

പി.സി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഉഷാ ജോര്‍ജിന്റെ പരാമര്‍ശം.

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം എന്ന തരത്തിലായിരുന്നു ഉഷാ ജോര്‍ജ് പ്രതികരിച്ചത്.

”ഇത്രയും നാള്‍ ഒരു ചാനലിലും ഞാന്‍ വന്നിട്ടില്ല, എനിക്കത് ഇഷ്ടമല്ല. എനിക്ക് പുള്ളിയുടെ പിറകില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. മുന്നില്‍ നില്‍ക്കുന്ന ഒരാളല്ല ഞാന്‍. പുള്ളിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി അടങ്ങിയൊതുങ്ങി മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍.

ശരിക്ക് പറഞ്ഞാല്‍ എനിക്കയാളെ (മുഖ്യമന്ത്രി) വെടിവെച്ച് കൊല്ലണം എന്നാണ്. നിങ്ങളിത് ചാനലിലൂടെ വിട്ടാലും എനിക്ക് കുഴപ്പമില്ല. ഇതുപോലെ ഒരു കുടുംബത്തെ തകര്‍ക്കുന്ന അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടെ ഇരിക്കുന്നുണ്ട്. ഒരാഴ്ചക്കകം അയാള്‍ അനുഭവിക്കും,” എന്നായിരുന്നു അവരുടെ പ്രതികരണം.

പി.സി ജോര്‍ജിനെതിരെ പരാതി നല്‍കിയ യുവതിയെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.

”നാളെ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും ഒരു അഭിസാരിക ഇങ്ങനെ പരാതിപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഇവര്‍ തയാറാകുമോ,” എന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞത്.

അതേസമയം, പീഡന പരാതി നല്‍കിയ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി.സി. ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരാതി പുറത്തുവരുന്നത്.

ഉഷാ ജോര്‍ജിനെതിരെ നല്‍കിയിരിക്കുന്ന പരാതിയുടെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട വിദ്യാനഗര്‍ എസ്.എച്ച്.ഒ മുമ്പാകെ
ഹൈദര്‍ മധൂര്‍ – പരാതിക്കാരന്‍
ആയിഷ മന്‍സില്‍
മധുര്‍
P/O മധൂര്‍
കാസര്‍ഗോഡ്

പ്രതി
ഉഷാ ജോര്‍ജ്
Spouse : പി.സി. ജോര്‍ജ് മുന്‍ എം.എല്‍.എ

സര്‍
വിഷയം: കേരള മുഖ്യമന്ത്രിക്കെതിരെ പത്രക്കാര്‍ക്ക് മുമ്പില്‍ പ്രതി വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പരാതി

ഞാന്‍ മേലെ കാണിച്ചിരിക്കുന്ന വിലാസത്തിലാണ് താമസിക്കുന്നത്. ഇന്ന് വൈകുന്നേരം പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ(പേര്)എന്നവര്‍ പത്രക്കാര്‍ക്ക് മുമ്പില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരായി സംസാരിക്കുകയും തന്റെ അപ്പന്റെ റിവോള്‍വര്‍ കയ്യിലുണ്ടെന്നും ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ വീട്ടിലേക്ക് പോവുകയും തോക്കെടുത്ത് മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുകയും ചെയ്യുമെന്ന് പറയുകയും അത് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്താല്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല എന്ന് പറയുകയും ചെയ്തിരിക്കുകയാണ് പ്രതി, മാത്രവുമല്ല പ്രതി കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് മേല്‍പ്പറഞ്ഞ സ്റ്റേറ്റ്‌മെന്റ് പറഞ്ഞിട്ടുള്ളത് എന്ന് അവരുടെ പത്രവാര്‍ത്തയുടെ വീഡിയോയിലൂടെ വളരെ കൃത്യമായി മനസ്സിലാക്കുവാന്‍ വേണ്ടി കഴിയുന്നതാണ്. കൂടാതെ ഇത് നാട്ടില്‍ വലിയ ക്രമസമാധാനം ഉണ്ടാക്കും എന്നതിനാല്‍ ഉടന്‍ തന്നെ പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്.

അതുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായും മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞു വധഭീഷണി മുഴക്കിയതിനും നാട്ടില്‍ മനപ്പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത മേല്‍പ്പറഞ്ഞ പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും വേണ്ടത് ചെയ്യണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു.

ടിയാന്റെ വിവാദ ഭീഷണി പരാമര്‍ശം പരാതിയുടെ കൂടെ ചേര്‍ക്കുന്നു.

എന്ന് വിശ്വസ്തതയോടെ
ഹൈദര്‍ മധൂര്‍
കാസര്‍ഗോഡ്

Date 02/07/2022
Place വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍

Content Highlight: Police complaint registered against Usha Gorge, wife of PC George for comment against chief minister

We use cookies to give you the best possible experience. Learn more