ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം 'രാജ്യവിരുദ്ധ' പരാമര്‍ശം നടത്തിയെന്നാരോപണം: ഇമാമിനെ നീക്കണമെന്ന് പള്ളി ട്രസ്റ്റീ ബോര്‍ഡ്
India
ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം 'രാജ്യവിരുദ്ധ' പരാമര്‍ശം നടത്തിയെന്നാരോപണം: ഇമാമിനെ നീക്കണമെന്ന് പള്ളി ട്രസ്റ്റീ ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2017, 12:17 pm

കൊല്‍ക്കത്ത: ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം മൗലാന നൂര്‍ ഉര്‍ റഹ്മാന്‍ ബര്‍ക്കത്തിയ്‌ക്കെതിരെ പരാതിയുമായി പള്ളിയുടെ ട്രസ്റ്റീ ബോര്‍ഡ്. “ജിഹാദ്” ഭീഷണി മുഴക്കിയതും വാഹനത്തില്‍ നിന്നും ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ വിസമ്മതിച്ചതുമാണ് പരാതിക്കാധാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

“നിലവിലെ ഇമാം മൗലാനാ നൂര്‍ ഉര്‍ റഹ്മാന്‍ ബര്‍ക്കത്തിയ്‌ക്കെതിരെ ബൗബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.” അവര്‍ അറിയിച്ചു. ബര്‍ക്കത്തിയുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നു എന്നും പ്രിന്‍സ് ഗുലാം മുഹമ്മദ് ഷാ വാഖഫ് എസ്റ്റേറ്റിന്റെ കോ ട്രസ്റ്റി മുഹമ്മദ് ഷാഹിദ് അലാം പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.

“ഞങ്ങള്‍ ഒരു കത്ത് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ദേശവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ ടിപ്പു സുല്‍ത്താന്‍ പള്ളി ഇമാം സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.” അദ്ദേഹം അറിയിച്ചു.


Also Read:എം.പി ഫണ്ടായി അഞ്ച് കോടി ലഭിച്ചപ്പോള്‍ സുരേഷ് ഗോപി ചിലവിട്ടത് 72 ലക്ഷം; ഒരു രൂപ പോലും ചിലവാക്കാതെ കെ. സോമപ്രസാദ്; എം.പിമാരുടെ ഫണ്ട് വിനിയോഗം ഇങ്ങനെ 


വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്ന ഏപ്രില്‍ 19ലെ കേന്ദ്ര നിര്‍ദേശം വന്നതിനു പിന്നാലെയാണ് ബര്‍ക്കത്തി വിവാദപരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ വിസമ്മതിച്ച അദ്ദേഹം “രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ജിഹാദ് ആരംഭിക്കുമെന്ന്” ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

“ഇന്ത്യയിലെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിച്ചാല്‍ മുസ് ലീങ്ങള്‍ പാകിസ്ഥാനുവേണ്ടി പോരാടണമെന്നും” അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സുരക്ഷാ ജീവനക്കാരില്ലാതെ ജീവിക്കാന്‍ തയ്യാറാണെങ്കില്‍ താന്‍ ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ തയ്യാറാണെന്ന് മെയ് 12ന് ബര്‍ക്കത്തി പറഞ്ഞു. ഈ പ്രസ്താവനകളുടെ പേരില്‍ ബര്‍ക്കത്തിയ്‌ക്കെതിരെ മൂന്നോളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഭാരവാഹികളും പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

ഷാഹി ഇമാമിന്റെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെ ബര്‍ക്കത്തിയുടെ അനുയായികള്‍ പള്ളിയുടെ താക്കോല്‍ ബലമായി പിടിച്ചെടുത്തിരിക്കുകയാണെന്നും അവര്‍ അവിടം വിട്ടു പോകാന്‍ വിസമ്മതിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Don”t Miss:‘ബി.ജെ.പി പാദസേവകരുടെയും മാഫിയകളുടെയും കേന്ദ്രം, എന്റെ ജീവന്‍ പോലും അപകടത്തിലാണ്’: ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എം.എല്‍.എ 


അതിനിടെ, മെയ് 13ന് ടിപ്പു സുല്‍ത്താന്‍ പള്ളിക്കു സമീപമെത്തിയ ബര്‍ക്കത്തിയെ മുസ്‌ലീങ്ങള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം വിവാദങ്ങള്‍ക്കു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബര്‍ക്കത്തി പറഞ്ഞത് തന്റെ പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ്. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥയുടെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഏറെ അടുപ്പമുള്ളയാളായാണ് ബര്‍ക്കത്തി.


Also Read: ലൈംഗികാവയവങ്ങള്‍ ഇരുണ്ടിരിക്കുന്നതിന് കാരണം അറിയുമോ? ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ 


ബര്‍ക്കത്തിയുടെ പരാമര്‍ശങ്ങള്‍ “രാജ്യവിരുദ്ധ”മാണെന്നു പറഞ്ഞ് ബി.ജെ.പിയും മറ്റ് സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ ഇത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവും പശ്ചിമബംഗാളിലെ മന്ത്രിയുമായ സിദ്ദിഖുല്ലാ ചൗധരി ബര്‍ക്കത്തിയെ ആര്‍.എസ്.എസ് ഏജന്റെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.