ലൊക്കേഷനില്‍ പൊലീസെത്തുന്നത് സിനിമയുടെ സമാധാനപരമായ നടത്തപ്പിന് യോജിച്ചതല്ലെന്ന് സംവിധായകന്‍ രാജസേനന്‍. ദി പ്രൈം വിറ്റ്‌നസ് എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ സമാധാനപരമായി തന്നെ നടക്കണം. അതിനിടക്ക് മയക്കുമരുന്നിന്റെ പ്രശ്‌നം പറഞ്ഞ് പൊലീസ് വന്ന് ഷൂട്ടിങ് തടസ്സപ്പെടുക എന്നത് നല്ലതല്ലെന്നും രാജസേനന്‍ പറഞ്ഞു. പൊലീസിനെയല്ല കുറ്റം പറയേണ്ടതെന്നും പൊലീസിനെ വിളിക്കാനുള്ള അവസ്ഥയുണ്ടാക്കുന്നവരെ വേണം കുറ്റം പറയാനെന്നും അദ്ദേഹം പറഞ്ഞു.
‘കലാപാരമായിട്ടുള്ള ഒരു കാര്യമാണ് സിനിമ ലൊക്കേഷനുകളില്‍ നടക്കുന്നത്. അതിനിടക്ക് കുറച്ച് പൊലീസുകാര്‍ വന്ന്, അവിടെ വര്‍ക്ക് ചെയ്യുന്നവരെ ചോദ്യം ചെയ്യുകയോ, അറസ്റ്റ് ചെയ്യുകയോ, ഏതെങ്കിലും തരത്തില്‍ അക്രമാസക്തരാകുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന അന്തരീക്ഷം സിനിമയുടെ നടത്തിപ്പിന് യോജിച്ചതല്ല.
സിനിമ സമാധാനപരമായി തന്നെ ലൊക്കേഷനുകളില്‍ നടക്കേണ്ടതുണ്ട്. കാരണം, സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് കഥാപാത്രങ്ങളെ അവരുടെ മനസ്സില്‍ രൂപം നല്‍കി, അതിനെ താരങ്ങളിലേക്ക് എത്തിക്കുന്ന ഏറ്റവും പ്രയാസപ്പെട്ട ഒരു വര്‍ക്കാണ് ലൊക്കേഷനുകളില്‍ നടക്കുന്നത്.
ഒരുപാട് പ്രശ്‌നങ്ങള്‍ വരാവുന്ന ഒരു മേഖലയാണ് സിനിമ. ആരോഗ്യ പ്രശ്‌നങ്ങളും, കാലാവസ്ഥ പ്രശ്‌നങ്ങളും നിര്‍മാതാവിന്റെ സാമ്പത്തിക പ്രശനങ്ങളുമെല്ലാം ലൊക്കേഷനുകളെ ബാധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഇടയില്‍വേണം സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍.
അതിനിടക്ക് മയക്കുമരുന്നിന്റെ പ്രശ്‌നത്തില്‍ പൊലീസ് വന്ന് ഷൂട്ടിങിന്റെ അവസ്ഥയെ ഇല്ലാതാക്കുന്നത് ശരിയല്ല. നമ്മള്‍ പൊലീസിനെയല്ല കുറ്റം പറയുന്നത്. പൊലീസിനെ വിളിക്കേണ്ടുന്ന അവസ്ഥ ഉണ്ടാക്കുന്നവരെ വേണം കുറ്റം പറയാന്‍,’ രാജസേനന്‍ പറഞ്ഞു.
content highlight: Police coming to the location is not good for the film: Rajasenan