കാഠ്മണ്ഡു: നേപ്പാളിൽ രാജഭരണവും ഹിന്ദുരാഷ്ട്രവും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ പ്രതിഷേധിച്ച 9,000ത്തോളം പേർ പൊലീസുമായി ഏറ്റുമുട്ടി.
വ്യവസായി ദുർഗ പ്രസായിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.
അതേസമയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയായ യൂത്ത് ഓർഗനൈസേഷൻ നേപ്പാളിലെ (വൈ.ഒ.എൻ) 7,000 പേർ പ്രധാനമന്ത്രി പുഷ്പകമാർ ദഹല രാജിവെക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പ്രതിഷേധം നടത്തി.
പ്രതിഷേധക്കാരെ കാഠ്മണ്ഡുവിൽ എത്തുന്നതിൽ നിന്ന് തടയാൻ നിയോഗിക്കപ്പെട്ട പൊലീസ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം രൂപപ്പെട്ടതിനെ തുടർന്ന് ബലം പ്രയോഗിക്കുകയായിരുന്നു.
ക്രമസമാധാനം നിലനിർത്താൻ 10,000 പൊലീസ് ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് നിയോഗിച്ചിരുന്നു. സേനയെയും സജ്ജമാക്കിയിരുന്നെങ്കിലും അവരുടെ ഇടപെടൽ ആവശ്യമായി വന്നില്ലെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ദുർഗാ പ്രസായിയുടെ നേതൃത്വത്തിലുള്ള സംഘം, 2006ൽ വ്യാപക പ്രതിഷേധത്തെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ രാജാവ് ഞാനേന്ദ്രയെ പിന്തുണച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചു.
‘ഞങ്ങൾ ഞങ്ങളുടെ രാജാവിനെയും രാജ്യത്തെയും ഞങ്ങളുടെ ജീവനേക്കാൾ സ്നേഹിക്കുന്നു. രാജഭരണം തിരികെ കൊണ്ടുവരിക. ജനാധിപത്യവാഴ്ച അവസാനിപ്പിക്കുക,’ നേപ്പാളിന്റെ പതാക ഉയർത്തി പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി.