തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രദീപിനെ ഇടിച്ചിട്ട് കടന്നു കളഞ്ഞ ലോറി ഡിസംബര്‍ 15നാണ് പൊലീസ് പിടികൂടിയത്. വാഹനമോടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിരുവനന്തപുരത്തെ ഈഞ്ചക്കലില്‍ വെച്ചാണ് പ്രദീപിനെ ഇടിച്ച ലോറിയും ഡ്രൈവര്‍ ജോയിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കമുള്ള മറ്റുകാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കും.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചാണ് പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വണ്‍വേയിലൂടെ ഓടിച്ചിരുന്ന പ്രദീപിന്റെ വാഹനത്തിന് നേരെ എതിര്‍ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രദീപിന് നേരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. നിലവില്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക