നിലയ്ക്കല്‍: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ പൊലീസ് വീണ്ടും മടക്കിയയച്ചു. കഴിഞ്ഞ ദിവസം ദര്‍ശനം നടത്താനാവാതെ തിരിച്ചുപോയ രേഷ്മ നിശാന്തും ഷാനിലയുമാണ് ഇന്ന് വീണ്ടും ദര്‍ശനത്തിനായി എത്തിയത്.
എന്നാല്‍ പൊലീസ് ഇരുവരെയും തിരിച്ച് അയക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും നിലയ്ക്കലില്‍ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ഇവരെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എട്ടംഗ സംഘമാണ് ദര്‍ശനത്തിന് എത്തിയത്. ആറ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമായിരുന്നു ദര്‍ശനത്തിന് എത്തിയത്.
ബുധനാഴ്ച ദര്‍ശനത്തിനെത്തിയപ്പോഴും പ്രതിഷേധം കാരണം പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കസ്റ്റഡിയിലെടുത്ത് തിരിച്ച് അയക്കുകയായിരുന്നു. അതേസമയം അന്ന് തിരിച്ച് ഇറങ്ങിയപ്പോള്‍ പൊലീസ് തന്ന വാഗ്ദാനം പാലിച്ചില്ലെന്ന് യുവതികളെ ശബരിമലയിലേക്ക് കൊണ്ട് പോകുന്നതിന് നേതൃത്വം നല്‍കിയ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന എന്ന ഫേസ്ബുക്ക് കൂട്ടായ്മ പറഞ്ഞു.
ഉന്നത രാഷ്ട്രീയ നേതാക്കള്‍ അടക്കം ഉറപ്പു നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു പറ്റിക്കുകയായിരുന്നെന്നും കൂട്ടായ്മയില്‍ അംഗമായ ശ്രേയസ് പറഞ്ഞു. കൂടുതല്‍ യുവതികളുമായി ശബരിമല ദര്‍ശനത്തിന് ശ്ര്മിക്കുമെന്നും ശ്രേയസ് പറഞ്ഞു.