| Saturday, 18th July 2020, 8:49 am

രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ, ബാലനീതി, ഐ.ടി ആക്ട് പ്രകാരം അന്വേഷണം: പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ, ഐ.ടി ആക്ട്, ബാലനിയമങ്ങള്‍ പ്രകാരം അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.

നിലവില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡി.വി.ഡി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

അതേസമയം രഹ്ന മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയെഎതിര്‍ത്താണ് എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടറുടെ വിശദീകരണ പത്രിക.

കുട്ടികളെക്കൊണ്ട് തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് രഹ്നക്കെതിരെ കേസെടുത്തിരിക്കുന്നത്.

തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

തുടരന്വേഷണത്തിന്റെ ഭാഗമായി ലാപ്‌ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്‌സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഇവ തൃപ്പൂണിത്തുറയിലെ റീജനല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോണ്‍കോളുകളുടെ വിവരങ്ങളും യൂട്യൂബ് ചാനല്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more