ട്രാന്‍സ്‌ജെന്‍ഡറുടെ വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷോര്‍ട് ഫിലിം സംവിധായകന്‍ വിനീത്, അലിന്‍ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷോര്‍ട് ഫിലിമിന്റെ കഥ പറയാമെന്ന വ്യാജേന വീട്ടില്‍ കയറുകയും ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി.
കൊച്ചി സ്വദേശിനിയായ ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയിലാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ പരാതി സ്വീകരിച്ചിട്ടും പ്രതികളെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. പിന്നീട് മജിസ്‌ട്രേറ്റിന് രഹസ്യമൊഴി കൊടുത്തതിന് ശേഷം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റായ തന്നെ സിനിമയിലേക്കെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിനീത് തന്നെ സമീപിച്ചതെന്നും കഥ പറയാന്‍ വേണ്ടി വീട്ടിലെത്തിയപ്പോള്‍ കൈ കെട്ടിയിട്ട് പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. പുറത്തറിയിച്ചാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് വര്‍ക്കിയാണ് ഇതിന്റെ പിന്നിലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയവരില്‍ ഉണ്ടെന്നും കൊന്നിട്ടാല്‍ പോലും ആരും അറിയില്ലെന്ന് അവര്‍ പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. പ്രകൃതി വിരുദ്ധ പീഡനത്തിനും ട്രാന്‍സ്‌ജെന്‍ഡറിന് നേരെയുള്ള അതിക്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് ചേരാനെല്ലൂര്‍ പൊലീസ് പ്രതികരിച്ചു.
Content Highlight: Police charged case agianst youtuber Santhosh Varkey and four others