| Friday, 30th August 2024, 10:11 pm

ഇസ്രഈല്‍ വിരുദ്ധ പരാമര്‍ശം; ഫലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപകനെതിരെ തീവ്രവാദകുറ്റം ചുമത്തി ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈല്‍ വിരുദ്ധ സംഘടനയായ ഫലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപകന്‍ റിച്ചാര്‍ഡ് ബര്‍ണാര്‍ഡിനെതിരെ തീവ്രവാദ കുറ്റം ചുമത്തി ബ്രിട്ടന്‍ പൊലീസ്. മാഞ്ചസ്റ്ററിലും ബ്രാഡ്ഫോര്‍ഡിലും ഫലസ്തീന്‍ അനുകൂല പ്രഭാഷണം നടത്തിയതിന് പിന്നാലെയാണ് ബര്‍ണാര്‍ഡിനെതിരെ കുറ്റം ചുമത്തുന്നത്. തീവ്രവാദ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെ പൊലീസിന്റെ നടപടി.

‘ഭീകരവാദ നിയമം 2000’ലെ സെക്ഷന്‍ 12ന് വിരുദ്ധമായി റിച്ചാര്‍ഡ് പ്രവര്‍ത്തിച്ചുവെന്നാണ് യു.കെ പൊലീസിന്റെ വാദം. ഒരു നിരോധിത സംഘടനയെ പിന്തുണച്ചുകൊണ്ട് റിച്ചാര്‍ഡ് സംസാരിച്ചുവെന്നും യു.കെ പൊലീസ് പറയുന്നു. റിച്ചാര്‍ഡിനെ സെപ്തംബര്‍ 18ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അന്താരാഷ്ട്ര തലത്തിലെ ആയുധ വ്യാപാരികളെ അടച്ചുപൂട്ടാനും തടസപ്പെടുത്താനുമായി നീക്കങ്ങള്‍ നടത്തുന്ന ഫലസ്തീന്‍ അനുകൂല സംഘടനയാണ് ഫലസ്തീന്‍ ആക്ഷന്‍. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ സാധാരണക്കാരെ ആക്രമിക്കുന്നതിനായി നെതന്യാഹു സര്‍ക്കാരിന് ആയുധങ്ങള്‍ കൈമാറുന്ന യു.കെയെ ആസ്ഥാനമാക്കിയാണ് സംഘടന നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബര്‍ ഏഴിനാണ് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ആക്രമണം നടത്തുന്നത്. ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ എട്ടിന് മാഞ്ചസ്റ്ററില്‍ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് പ്രത്യേക തീവ്രവാദ വിരുദ്ധ പൊലീസിങ് നോര്‍ത്ത് വെസ്റ്റ് യൂണിറ്റ് നടത്തിയ അന്വേഷത്തിലാണ് ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്.

തനിക്കെതിരെ കുറ്റം ചുമത്തിയ നടപടിക്കെതിരെ യു.കെയുടെ നീക്കത്തിനെതിരെ റിച്ചാര്‍ഡ് രൂക്ഷമായി പ്രതികരിച്ചു. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ പിന്തുണക്കുന്നതാണോ തീവ്രവാദ നിയമത്തിന്റെ ലംഘനമായി യു.കെ പൊലീസ് കണക്കാക്കുന്നത് എന്ന് ചോദിച്ചായിരുന്നു റിച്ചാര്‍ഡിന്റെ പ്രതികരണം.

അതേസമയം ഗസയില്‍ പോളിയോ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി സൈന്യത്തിന്റെ ഗസയിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാമെന്ന നിര്‍ദേശവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഗസയിലെ എല്ലാ ഭാഗങ്ങളെയും സൈനിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കില്ലെന്നും മറിച്ച് വാക്സിനേഷന്‍ നല്‍കാനായി തെരഞ്ഞെടുക്കപ്പെട്ട നിശ്ചിത പ്രദേശങ്ങളില്‍ മാത്രമെ ഈ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Police charge co-founder of Palestine Action under Terrorism Act

We use cookies to give you the best possible experience. Learn more