| Saturday, 10th February 2024, 4:25 pm

പല ഭാവം പല മുഖം, ഒരേയൊരു യൂണിഫോം, ടൊവിനോ വീണ്ടും കാക്കിയണിയുമ്പോൾ

നവ്‌നീത് എസ്.

നവാഗതനായ ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്.

ആ സമയത്ത് നാട്ടിൻ പ്രദേശങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും പഴയകാലത്ത് അത്തരത്തിലൊരു കേസ് തെളിയിക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളുമെല്ലാം നിറഞ്ഞ ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് ടൊവിനോ തോമസാണ്.

മുമ്പ് കാക്കി യൂണിഫോമിൽ പ്രേക്ഷകർ കണ്ട ടൊവിനോയിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ആനന്ദ് നാരായണൻ. ഒട്ടും ഹീറോയിക്ക് അല്ലാത്ത ആനന്ദായി ടൊവിനോ യെത്തുമ്പോൾ താരത്തിന്റെ മുമ്പത്തെ പൊലീസ് കഥാപാത്രങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

എസ്ര

ജയ്. കെയുടെ സംവിധാനത്തിൽ പിറന്ന ഹൊറർ ത്രില്ലർ ചിത്രമായിരുന്നു എസ്ര. പൃഥ്വിരാജും പ്രിയ ആനന്ദും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് ടോവിനോ എത്തിയത്.

തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ആരംഭിക്കുന്ന സമയത്താണ് ടൊവിനോ എസ്രയിൽ ഭാഗമാകുന്നത്. ചിത്രത്തെ പോലെ തന്നെ ടൊവിനോയുടെ വേഷവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അധികം ബഹളങ്ങൾ ഇല്ലാതെ പക്വത നിറഞ്ഞ ഐ. പി.എസ് ഷഫീർ അഹമദായി ടൊവിനോ ചിത്രത്തിൽ നിറഞ്ഞു നിന്നത്.

തരംഗം

2017ൽ പുറത്തിറങ്ങിയ ചിത്രമാണ് തരംഗം. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഫാന്റസി ബ്ലാക്ക് കോമഡി എന്ന ഴോണറിലാണ് ചിത്രം പുറത്തിറങ്ങിയത്. തമിഴ്നടൻ ധനുഷ് നിർമിച്ച ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ് തരംഗം. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ പത്മനാഭൻ എന്ന പപ്പനായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്.

രഘു എന്ന ഡോണിന്റെ ഭാര്യയായ ഓമനയെ അന്വേഷിക്കുന്നതിനിടയിൽ കുഴപ്പത്തിൽ ആകുന്ന പൊലീസ്കാരനാണ് പപ്പൻ. ബാലു വർഗീസ് ആണ് അതിനോടൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി സിനിമയിൽ എത്തുന്നത്. ടോവിനോയുടെ മറ്റു പൊലീസ് പടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒട്ടും പവർഫുൾ അല്ലാത്ത, ജോലിയിൽ വളരെ അലസനായ കോമഡി കഥാപാത്രമാണ് പപ്പൻ. പരീക്ഷണ ചിത്രം എന്ന നിലയിൽ ബോക്സ് ഓഫീസിൽ വലിയ വിജയമാവാൻ ചിത്രത്തിന് കഴിഞ്ഞില്ല.

കൽക്കി

ടൊവിനോ ആദ്യമായി മുഴുനീള കാക്കി വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു കൽക്കി. റിലീസിന് മുമ്പേ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയ്ലറിനുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൽക്കിയിൽ പ്രേക്ഷകർ കണ്ടത് മാസ് നിറഞ്ഞ ടൊവിനോയെ ആയിരുന്നു.

പ്രവീൺ പ്രഭാകർ സംവിധാനം ചെയ്ത ചിത്രത്തിൽ കൽക്കി എന്ന പേരിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടത്. തെലുങ്ക് സിനിമകളെ അനുസ്മരിപ്പിക്കും വിധം ആക്ഷൻ സീനുകളും മാസ് സീനും നിറഞ്ഞ് നിന്ന ചിത്രം ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ടൊവിനോയുടെ മാസ് അപ്പിയറൻസ് വലിയ ശ്രദ്ധ നേടി.

കാക്കി അണിഞ്ഞില്ലെങ്കിലും കേസ് അന്വേഷണവുമായി ടൊവിനോയും സംഘവും എത്തിയ മറ്റൊരു ചിത്രമായിരുന്നു ഫോറെൻസിക്. ക്രൈം ത്രില്ലർ ഴോണറിനോട് നീതി പുലർത്തിയ ചിത്രം സംവിധാനം ചെയ്തത് അഖിൽ പോളും അനസ് ഖാനും ആയിരുന്നു.

എന്നാൽ കാക്കി വേഷവും കേസ് കേസന്വേഷണവുമെല്ലാമായി വീണ്ടും ടൊവിനോ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഈ നാല് സിനിമകളിലും കണ്ട ടൊവിനോയെ അന്വേഷിപ്പിൻ കണ്ടെത്തുവിൽ പ്രേക്ഷകർക്ക്‌ കാണാൻ കഴിയില്ല.

ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ അത്രയേറേ കയ്യടക്കത്തോടെ ടൊവിനോ അവതരിപ്പിച്ചിട്ടുണ്ട്. താര പരിവേഷമൊട്ടുമില്ലാതെ ഒരു സാധാരണ പൊലീസുകാരന്റെ നിസ്സഹായതയും പ്രയാസങ്ങളുമെല്ലാം നന്നായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.

Content Highlight: Police Characters Of Tovino Thomas

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more