| Friday, 5th January 2024, 4:30 pm

ഉമർ ഫൈസിയുടെ 'അഴിഞ്ഞാട്ടക്കാരി' പരാമർശത്തിനെതിരെ കേസ്; നടപടി വി.പി. സുഹറയുടെ പരാതിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന സാമൂഹ്യ പ്രവർത്തക വി.പി. സുഹറയുടെ പരാതിയിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്.

റിപ്പോർട്ടർ ടി.വിയുടെ പരിപാടിയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഐ.പി.സി 295 എ, 298 വകുപ്പുകൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തത്.

തട്ടത്തെ കുറിച്ചുള്ള സി.പി.ഐ.എം നേതാവ് അനിൽകുമാറിന്റെ പരാമർശത്തെ തുടർന്ന് റിപ്പോർട്ടർ ടി.വിയുടെ ക്ലോസ് എൻകൗണ്ടറിൽ തട്ടവും പർദ്ദയും ഇസ്‌ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.

സ്ത്രീകൾക്ക് അച്ചടക്കം വേണമെന്നും മുസ്‌ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നും തട്ടമിടാത്തത് അഴിഞ്ഞാട്ടമാണെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.

ഉമർ ഫൈസിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ തട്ടം നീക്കി വി.പി. സുഹറ പ്രതിഷേധിച്ചിരുന്നു.

സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന് ലോകം മുഴുവൻ കേൾക്കുന്ന രീതിയിൽ സ്റ്റേജിൽ കയറി പറഞ്ഞാൽ സഹിക്കാൻ കഴിയില്ലെന്ന് വി.പി. സുഹറ പരാമർശത്തോട് പ്രതികരിച്ചിരുന്നു.

Content Highlight: Police case against Umar faisy Mukkam on Vp suhara’s complaint

We use cookies to give you the best possible experience. Learn more