മലപ്പുറം: ‘തൊപ്പി’യെന്നറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസ്. വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയില്‍ ഗതാഗതം തടസ്സപ്പെടുത്തുക, അശ്ലീലപദപ്രയോഗം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച കടയുടെ ഉടമയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെയും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖിന്റെയും പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇയാളുടെ ആരാധകര്‍ കൂടുതലും കൗമാരാക്കാരായത് കൊണ്ടുതന്നെ അവരെ വഴിതെറ്റിക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഈ മാസം 17 നായിരുന്നു വിവാദമായ പരിപാടി നടന്നത്. ‘ mrz thoppi’ എന്ന ഇയാളുടെ യൂട്യൂബ് ചാനലിന് 69 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഉള്ളത്.