പെരിയാര്‍ മലിനീകരണ വിരുദ്ധസമിതിക്കുനേരെ പോലീസ് അതിക്രമം: പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്
Daily News
പെരിയാര്‍ മലിനീകരണ വിരുദ്ധസമിതിക്കുനേരെ പോലീസ് അതിക്രമം: പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2016, 10:29 am

കൊച്ചി: പെരിയാര്‍ മലിനീകരണ വിരുദ്ധസമിതിക്കെതിരെ പോലീസിന്റെ അതിക്രമം. മലനീകരണത്തിനെതിരെ ബൈക്കില്‍ ബോധവത്കരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് വ്യാജകേസ് ചുമത്തി അറസ്റ്റു ചെയ്തുവെന്നാണ് പരാതി.

പ്രകടനത്തിനിടെ കളക്ടീവ് പോര്‍ റൈറ്റ് ടു ലിവ് എന്ന സംഘടനയുടെ പ്രവര്‍ത്തകരും വൈപ്പിന്‍ സ്വദേശികളുമായ പ്രവീണ്‍ സോണി സ്‌റ്റോസ, ശംസുദ്ദീന്‍ എന്നിവരെ ഞാറക്കല്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കുടിവെള്ളത്തില്‍ വിഷയം കലര്‍ന്നിട്ടുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തി എന്നാരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.

അറസ്റ്റിലായവര്‍ക്കുനേരെ പോലീസ് അസഭ്യവര്‍ഷം നടത്തിയതായും ഇവര്‍ പറയുന്നു. പോലീസ് നടപടിയ്‌ക്കെതിരെ ഇവര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രണ്ടുപേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഞായറാഴ്ച ഉച്ചോടെയാണ് സംഭവം. പെരിയാര്‍ മലിനീകരണത്തിനെതിരെ നടത്തുന്ന 100 കേന്ദ്രങ്ങളില്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ പ്രചരാര്‍ത്ഥമാണ് റാലി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ സമാധാനപരമായി മുന്നേറുകയായിരുന്ന റാലി നായരമ്പലത്തുവെച്ച് എസ്.ഐ രഗീഷ് കുമാറിന്റെ നേതൃത്തില്‍ തടയുകയായിരുന്നു എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.തുടര്‍ന്ന് സോണി, ശംസുദ്ദീന്‍ എന്നിവരെ ബലമായി അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി എന്നു പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്നു പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റിയെന്നും ഇവര്‍ പറയുന്നു. അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് എന്നാണ് പോലീസ് പിന്നീട് പറഞ്ഞത്. എന്നാല്‍ മൈക്ക് ഉപയോഗിക്കുന്നതിന് മൂന്നു ദിവസം മുമ്പു തന്നെ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നെന്നും പോലീസ് വാക്കാലുള്ള അനുമതി നല്‍കിയിരുന്നെന്നും ഇവര്‍ വിശദീകരിക്കുന്നു.

അതിനിടെ അനുമതിയില്ലാതെ സംഘം ചേര്‍ന്നതിനും പെരിയാറില്‍ വിഷം കലക്കി എന്ന് വ്യാജപ്രചരണം നടത്തിയതിനുമാണ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതെന്ന് ഞാറക്കല്‍ പോലീസ് അറിയിച്ചു. പ്രവീണ്‍ സോണി, ശംസുദ്ദീന്‍ എന്നിവര്‍ക്കു പുറമേ റാലിയില്‍ പങ്കെടുത്ത 20 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.