ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ “അവസാനിപ്പിക്കുക” എന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വത് നാരായണനെതിരെ പരാതി. മാണ്ഡ്യ ജില്ലയിലെ സത്തനൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രി നാരായൺ വിവാദ പ്രസ്താവന നടത്തിയത്. ടിപ്പു സുൽത്താന്റെ സ്ഥാനത്തേക്ക് സിദ്ധരാമയ്യ വരുമെന്നും അതിനാൽ അദ്ദേഹത്തെ അവസാനിപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
കോൺഗ്രസ് നേതാവ് മനോഹർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിക്കെതിരെ വധഭീഷണിയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഹുബ്ബള്ളി നഗരത്തിലെ ഗോകുൽ റോഡ് പോലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
“ടിപ്പു സുൽത്താന്റെ സ്ഥാനത്തേക്ക് സിദ്ധരാമയ്യ വരും. നിങ്ങൾക്ക് വീർ സവർക്കർ വേണോ ടിപ്പു സുൽത്താനെ വേണോ? നിങ്ങൾ തീരുമാനിക്കണം. ഉറി ഗൗഡയും നഞ്ചെ ഗൗഡയും (ടിപ്പു സുൽത്താനോട് പോരാടിയ സൈനികർ) ടിപ്പു സുൽത്താനോട് എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാം. അതുപോലെ അദ്ദേഹത്തെ (സിദ്ധരാമയ്യ) അവസാനിപ്പിക്കണം,” മന്ത്രി പറഞ്ഞു.
സംഭവത്തിൽ മന്ത്രി അശ്വത് നാരായൺ നൽകിയ വിശദീകരണത്തിൽ കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധിച്ചതോടെ നിയമസഭയിലും തർക്കം രൂക്ഷമായി. നിയമസഭയിലെ തന്റെ പ്രസ്താവനകളിൽ അശ്വത് നാരായൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധിക്കുകയായിരുന്നു.
സിദ്ധരാമയ്യക്ക് ടിപ്പു സുൽത്താനോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമാണ് താൻ പരാമർശിച്ചതെന്നും അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു അശ്വത് നാരായണിന്റെ പ്രതികരണം.
Content Highlight: police case against karnataka minister over tippu sultan remark