കൊച്ചി: പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ജനം ടിവി ചാനല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവി ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാറിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്.
ബി.ജെ,പിയുടെ നേതൃത്വത്തിലുള്ള ചാനലിന്റെ സിഇഒ എന്ന് പരിചയപ്പെടുത്തിയാണ്് ഫ്‌ളാറ്റില്‍ ഇയാള്‍ താമസിച്ചിരുന്നത്. ഫ്‌ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ്കൂടിയാണ് ഇയാള്‍. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. വിമാനത്താവളത്തില്‍ ബി.ഡബ്‌ള്യു.എഫ്.എസില്‍ ഗ്രൌണ്ട് ഹാന്‍ഡിലിങ് വിഭാഗത്തില്‍ ഇന്റര്‍വ്യു കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് ഫ്‌ളാറ്റില്‍ ഫ്‌ളോര്‍ മാനേജരായി ജോലി ലഭിക്കുന്നതും ജോലിയില്‍ പ്രവേശിക്കുന്നതും. നെടുമ്പാശേരി തുരുത്തിശേരി സ്വദേശിയായ ശ്രീകുമാറും ഇതേ ഫ്‌ളാറ്റിലെ താമസക്കാരനായിരുന്നു.
കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. മുറിയില്‍ വിളിച്ചുവരുത്തി വാതില്‍ അകത്തുനിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു.
പാലക്കാട് നിര്‍ധനകുടുംബത്തിലെ അംഗമായ പെണ്‍കുട്ടി ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ സംഭവം പുറത്തുപറഞ്ഞില്ല. സംഭവത്തിനുശേഷം പെണ്‍കുട്ടി നാട്ടിലേക്കുപോയി. തിങ്കളാഴ്ച ഉച്ചയോടെ അമ്മയോടൊപ്പം സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തന്നെ ശ്രീകുമാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയെ നേരത്തെ രണ്ടുപ്രാവശ്യം കീഴ്‌പ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ശ്രീകുമാറിനെ പിടികൂടാന്‍ പൊലീസ്സംഘമെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.