തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിനെതിരെ കേസ്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
കണ്ടാലറിയാവുന്ന 700 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിലക്ക് ലംഘിച്ച് വിഴിഞ്ഞം മാര്‍ച്ചില്‍ പങ്കെടുത്തതിനെതിരെയാണ് കേസെടുത്തത്.
പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുല്ലൂരില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്.
വിഴിഞ്ഞം തുറമുഖത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരായാണ് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം മാര്‍ച്ച് പ്രഖ്യാപിച്ചത്.
എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മാര്‍ച്ചിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായാല്‍ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് നോട്ടീസും നല്‍കിയിരുന്നു.
പൊലീസിന്റെ അനുമതി തേടാതെ മാര്‍ച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദിയുടെ ശ്രമം. വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമര പേക്കൂത്ത് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.
അതേസമയം, മന്ത്രി അബ്ദുറഹിമാനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.
പരാമര്‍ശം വിവാദമായതോടെ ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ലത്തീന്‍ സഭയും ഫാ. തിയോഡോഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമര്‍ശം നാക്കുപിഴയെന്നായിരുന്നു ഫാ. തിയോഡോഷ്യസിന്റെ പ്രതികരണം.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ അംഗീകരിക്കാന്‍ രാജ്യസ്‌നേഹമുള്ള ആര്‍ക്കും കഴിയില്ലെന്ന് വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതേ കുറിച്ചുള്ള 24 ന്യൂസിന്റെ ചോദ്യത്തോട് നല്‍കിയ പ്രതികരണത്തിലാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നത്.
‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്,’ എന്നായിരുന്നു ഫാ. തിയോഡോഷ്യസിന്റെ വാക്കുകള്‍.
Content Highlight: Police Case against Hindu AikyaVedi March in Vizhinjam