| Saturday, 15th June 2019, 9:12 pm

സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; ജിഗ്‌നേഷ് മെവാനിക്കെതിരെ പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വല്‍സാദ്: സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മെവാനിക്കെതിരെ പൊലീസ് കേസെടുത്തു.

സ്‌കൂളിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെന്നാരോപിച്ച് വല്‍സാദിലെ ആര്‍.എം.വി.എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജല്‍ കുമാരി പട്ടേലാണ് ജിഗ്‌നേഷ് മെവാനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

എം.എല്‍.എ ആയ ജിഗ്‌നേഷ് മെവാനി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും അത്തരം സംഭവം സ്‌കൂളില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജല്‍ കുമാരി പട്ടേല്‍ പരാതിയില്‍ പറയുന്നു.

ജിഗ്‌നേഷ് സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ അധ്യാപകര്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണെന്നും വിജല്‍ കുമാരി പറഞ്ഞു.

വിദ്യാര്‍ഥികളെ അര്‍ധനഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിക്കുന്നയാളുടെ വീഡിയോയാണ് ജിഗ്‌നേഷ് മെവാനി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മെയ് 20ന് തന്റെ ട്വിറ്ററിലാണ് ജിഗ്‌നേഷ് വീഡിയോ പങ്കുവെച്ചത്.

ആര്‍.എം.വി.എം സ്‌കൂള്‍ അധ്യാപകനാണ് കുട്ടികളെ മര്‍ദ്ദക്കുന്നതെന്ന തരത്തിലായിരുന്നു ജിഗ്‌നേഷിന്റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്ന ജിഗ്‌നേഷ് വീഡിയോ പങ്കുവെച്ചത്.

‘മൃഗീയതയുടെ ഏറ്റവും നീചമായ അവസ്ഥ. വാട്‌സ്ആപ്പിലൂടെയും മറ്റും എല്ലാവര്‍ക്കും ഈ വീഡിയോ പങ്കുവെയ്ക്കുക. ആര്‍.എം.വി.എം സ്‌കൂള്‍ അധ്യാപകനാണിത്. വീഡിയോ ഷെയര്‍ ചെയ്ത് സ്‌കൂള്‍ പൂട്ടിക്കുക. തനിക്ക് ലഭിച്ച സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയൂ, എന്താണിത്’, എന്നായിരുന്നു ജിഗ്‌നേഷിന്റെ ട്വീറ്റ്.

എന്നാല്‍ വീഡിയോ വ്യാജമാണെന്നും ഗുജറാത്തിലല്ല, മറ്റെവിടെയോ നടന്ന സംഭവമാണിതെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ജിഗ്‌നേഷ് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more