എറണാകുളം: സാമ്പത്തിക തിരിമറി കേസില്‍ കാസ പ്രസിഡന്റ് കെവിന്‍ പീറ്ററിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം പൊലീസ് കേസെടുത്തു. സംഘടനയുടെ ട്രഷററായ ജോമര്‍. കെ. ജോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് പീറ്ററിനും കാസ ജോയിന്റ് സെക്രട്ടറി ജെന്‍സണ്‍ ആന്റണിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2020-2022 കാലയളവില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തേവര ബ്രാഞ്ചിലുള്ള കാസയുടെ അക്കൗണ്ടില്‍ നിന്നും വ്യാജ ചെക്കുപയോഗിച്ച് രണ്ട് ലക്ഷത്തോളം രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് പരാതി. വ്യാജ ഒപ്പുപയോഗിച്ച് രണ്ട് വര്‍ഷത്തിനിടെ 12 തവണകളായി മുഴുവന്‍ തുകയും പിന്‍വലിച്ചെന്നും പരാതിയില്‍ പറയുന്നു.
കെവിന്‍ പീറ്റര്‍, ജെന്‍സണ്‍ ആന്റണി എന്നിവര്‍ക്ക് പുറമെ കാസ സെക്രട്ടറി ജോയ് എബ്രഹാമിന്റെയും ട്രഷററായ പരാതിക്കാരന്‍ ജോമറിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് തിരിമറി നടന്നിരിക്കുന്നത്.
കാസയുടെ രജിസ്‌റ്റേര്‍ഡ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് കെവിന്‍ പീറ്ററാണെന്നും ഇതിന്റെ മറവിലാണ് പണം വലിച്ചതെന്നും പരാതിയിലുണ്ട്. ബാങ്കിലെ ചെക്ക് ബുക്കുകള്‍ കൈവശം വെച്ചിരുന്ന കെവിന്‍ പീറ്റര്‍ ജോയിന്റ് സെക്രട്ടറിയുടെ സഹായത്തോടെ തന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് പണം കൈവശപ്പെടുത്തിയെന്നും ജോമര്‍ ജോസ് പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘടന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വലിയ രീതിയുള്ള ക്രമക്കേട് കണ്ടെത്താനായതെന്നും വിശ്വാസി സമൂഹത്തെ കബളിപ്പിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
തുടര്‍ന്നാണ് കെവിന്‍ പീറ്ററിനെതിരെയും ജെയ്‌സണ്‍ ആന്റണിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 420, 468, 471 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight: Police case against casa president