| Thursday, 4th July 2019, 5:51 pm

ഭര്‍ത്താവിനെ കാണാനില്ലെന്ന് ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയ നടി ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ‘എവിടെ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയതിന് നടി ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.

സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത് ആശാ ശരതിനെതിരെ പെരുമന പൊലീസിലും ഇടുക്കി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച് പരാതി നല്‍കിയത്.

തബലിസ്റ്റായ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഇടുക്കിയിലെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ.

സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വിവിധ ഹൈക്കോടതികള്‍ നിലപാടെടുത്ത ഘട്ടത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ലോക്‌സഭയില്‍ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പൊലീസ് വകുപ്പിനെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും ശ്രീജിത്ത് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പൊലീസ് വകുപ്പിനെയും അതിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പീനല്‍കോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ വകുപ്പുകളും, കേരള പൊലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ് എന്നുമാണ് ശ്രീജിത്ത് പരാതിയില്‍ ആരോപിക്കുന്നത്.

വീഡിയോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും ശ്രീജിത്ത് പരാതിയില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more