| Thursday, 27th June 2024, 7:55 am

വീഡിയോ ചിത്രീകരിച്ചാൽ തടയരുത്; പ്രകോപനപരമായ സാഹചര്യം നേരിടാൻ പൊലീസിന് കഴിയണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രകോപനപരമായ സാഹചര്യങ്ങൾ നേരിടാൻ പൊലീസിന് കഴിയണമെന്ന് ഹൈക്കോടതി. ആളുകൾ പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാൽ പ്രകോപനപരമായി പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചു. പട്ടാളക്കാരെ പോലെ പൊലീസിനെയും ഇതിന് പ്രാപ്തരാക്കണമെന്നും കോടതി സൂചിപ്പിച്ചു.

ആരെങ്കിലും പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാൽ അത് തടയരുതെന്നും അവർക്ക് നേരെ മോശമായി പ്രതികരിക്കരുതെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഈ പരാമർശം നടത്തിയത്.

അത്തരത്തിൽ ഏതെങ്കിലും പ്രതികരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും കോടതി വ്യക്തമാക്കി. നിലവിൽ പലയിടങ്ങളിലും അത്തരത്തിൽ പൊലീസ് പ്രകോപിതരായി പ്രതികരിക്കുന്ന വിഡിയോകൾ കണ്ടിട്ടുണ്ടെന്നും ഇത് ആവർത്തിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.

ജനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ ഭയമുള്ള സാഹചര്യമാണിപ്പോഴെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും കോടതി സൂചിപ്പിച്ചു. പൊലീസിന്റെ പ്രവർത്തനങ്ങളിൽ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് ആലത്തൂർ എസ്.ഐ അപമര്യാദയായി പെരുമാറിയിരുന്നു. ഇതിനെതിരെ അഭിഭാഷകൻ നൽകിയ ഹരജിയും മറ്റ് അനുബന്ധ ഹരജികളും പരിശോധിക്കവെയാണ് കോടതി ഇത് പറഞ്ഞത്.

പൊലീസ് സേനയിൽ മിക്ക അംഗങ്ങളും മികച്ച രീതിയിൽ പെരുമാറുന്നവരുന്നവരാണെന്നും മോശമായി പെരുമാറുന്നവരെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതടക്കം കർശന നടപടികൾ എടുക്കുമെന്നും പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

ഹരജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

Content Highlight: police can’t scare the public justice devan raamachandran

We use cookies to give you the best possible experience. Learn more