Kerala News
അപ്രതീക്ഷിതമായി പൊലീസ് എത്തി; നാടകീയ നീക്കവുമായി പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 29, 06:09 pm
Friday, 29th July 2022, 11:39 pm

കോഴിക്കോട്: കോഴിക്കോട് പന്തിക്കരയില്‍ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അപ്രതീക്ഷിത നീക്കവുമായി പ്രതി. പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചുതന്നെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു ഇയാള്‍.

കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീറാണ് ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടാണ് ഭീഷണി മുഴക്കിയത്.

ഇര്‍ഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഷമീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇര്‍ഷാദിന്റെ കുടുംബത്തിന്റെ മൊഴിയനുസരിച്ചാണ് പൊലീസ് ഷമീറിന്റെ വീട്ടിലെത്തിയത്. അപ്പോഴായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രതിയുടെ ആത്മഹത്യാശ്രമം.

ഭീഷണി മുഴക്കിയതിന് ശേഷം ഷമീര്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുത്തു.

കേസിന്റെ അന്വേഷണാര്‍ത്ഥം ഇന്ന് വൈകിട്ട് 6 മണിയോടെയാണ് പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ.സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷമീറിന്റെ വീട്ടിലെത്തിയത്.

കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഒരു വലിയ അപകടം സംഭവിക്കാതിരിക്കാന്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു.

പൊലീസ് പേരാമ്പ്ര അഗ്നി രക്ഷാനിലയത്തില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ അസിസ്സന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദിന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് ഇവിടെ എത്തി. ഇതിനിടയിലാണ് ഷമീര്‍ വീടിന്റെ മുന്‍വശത്തുകൂടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

തുടര്‍ന്ന്, അഗ്നി രക്ഷാ സേന എത്തി വിട്ടിനുള്ളില്‍ തുറന്നിട്ട നിലയിലായിരുന്ന ഗ്യാസ് സിലണ്ടറുകള്‍ എടുത്ത് വീട്ടിന് വെളിയില്‍ എത്തിച്ച് അടക്കുകയായിരുന്നു. വീട്ടിനകത്ത് കെട്ടി നിന്ന ഗ്യാസ് വാതിലുകളും ജനലുകളും തുറന്ന് ഒഴിവാക്കുകയും ചെയ്തു. സിലിണ്ടറുകള്‍ രണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, കോഴിക്കോട് പന്തിക്കര സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മെയ് മാസത്തിലാണ് ഇയാള്‍ ദുബായില്‍ നിന്നും നാട്ടില്‍ എത്തിയത്. സ്വര്‍ണക്കടത്ത് സംഘം പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറയുന്നു.

ഇര്‍ഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചുകൊടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Police came unexpectedly; Accused threatened to commit suicide