തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 2020ല്‍ സരിത നല്‍കിയ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത വായിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ അബ്‌ജോത് വര്‍ഗീസിന് ചോദ്യം ചെയ്യല്‍ നോട്ടീസ് അയച്ച് പൊലീസ്. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച കന്റോണ്‍മെന്റ് വനിതാ സ്‌റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മാര്‍ക്ക്‌ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാളെ ഹാജരാകാന്‍ അഖിലക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കൊച്ചി ജില്ലാ ക്രൈംബ്രാജ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അഖിലക്കെതിരെ കേസെടുത്തതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസ് എത്രയും വേഗം പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ചോദ്യം ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ ധര്‍മ്മമാണെന്നും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ഉപയോഗിച്ചും നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Police called abjoth varghese for questioning