സി.പി.ഐ.എം പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം തന്നെ; സ്ഥിരീകരിച്ച് പൊലീസ്
Kerala News
സി.പി.ഐ.എം പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം തന്നെ; സ്ഥിരീകരിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd February 2022, 6:12 pm

കണ്ണൂര്‍: കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഇതുവരെ ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴാണ് ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. പൊലീസ് പുറത്തുവിട്ട പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നാല് പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ ബി.ജെ.പി – ആര്‍.എസ്.എസ് സജീവപ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഒരാള്‍ ബി.ജെ.പിയുടെ വാര്‍ഡ് കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമാണ്. പിടിയിലായ മറ്റുള്ളവര്‍ ആര്‍.എസ്.എസ് ശാഖാ പ്രമുഖുമാരാണ്.

ഗൂഢാലോചനാ കുറ്റം ചുമത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

ഹരിദാസന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നും ആര്‍.എസ്.എസ് ആണ് ഇതിന് പിന്നിലെന്നും സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.

ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഹരിദാസന്റെ കാല്‍ അക്രമിസംഘം അറുത്തുമാറ്റുകയും ചെയ്തിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.

ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇരുപതില്‍ അധികം തവണ ഹരിദാസന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്. ഇടതുകാല്‍ മുട്ടിന് താഴെ വെട്ടിമാറ്റിയിരുന്നു. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവുമുള്ളത്.

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്തൊരു കൊലപാതകമാണ് ഇത്. രണ്ട് പേരെ വകവരുത്തുമെന്ന് അവിടെ ഒരു ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Police call CPI (M) activist’s political assassination