ഇടുക്കി: രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് വെളിപ്പെടുത്തി നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി കൂട്ടിച്ചേര്‍ത്തു.
‘വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്.ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പോലീസുകാരികള്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ചൊഴിച്ചു’- ശാലിനി പറഞ്ഞു.
തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും വാദം ശരിയല്ലെന്നും അവര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയര്‍ലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു.
പണത്തിന് വേണ്ടിയാണ് ക്രൂരമായ മര്‍ദ്ദനമുണ്ടായതെന്നും ശാലിനി ആരോപിച്ചു. ഷുക്കൂര്‍ എന്ന പൊലീസുകാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മുമ്പ് എസ്.ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മര്‍ദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാല്‍, പൊലീസുകാരുടെ മര്‍ദ്ദനം കൊല്ലാന്‍ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു.
രാജ്കുമാറിനെ എസ്.ഐ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് രാജ്കുമാറിന്റെ ഡ്രൈവര്‍ അജിമോന്‍ നേരത്തേ പൊലീസിനോടു പറഞ്ഞിരുന്നു. വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്ത്രീകളെയും പൊലീസ്, സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായി ജാമ്യത്തിലിറങ്ങിയ മഞ്ജു പറഞ്ഞു. വനിതാ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും മഞ്ജു പറഞ്ഞു.
അതേസമയം, കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിനും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേരെ സ്ഥലംമാറ്റുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്.