ഭോപാല്‍: ബലാത്സംഗക്കേസ് ഫയല്‍ ചെയ്യാനെത്തിയ ദളിത് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലെ ഛാത്തര്‍പൂരിലാണ് സംഭവം. 13കാരിയായ പെണ്‍കുട്ടിക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 30നായിരുന്നു സംഭവം. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് യാദവ്, സബ് ഇന്‍സ്‌പെക്ടര്‍ മോഹിനി ശര്‍മ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുരുദത്ത് ഷേഷ തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബാബു ഖാനെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സംസ്ഥാന ചൈല്‍ഡ് വെല്‍ഫെയറില്‍ നിന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 27ന് കുട്ടി വീടിന് പുറത്ത് കളിക്കാന്‍ പോയിരുന്നുവെന്നും എന്നാല്‍ ഏറെ നേരെ പിന്നിട്ടിട്ടും തിരിച്ചെത്തിയിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന് കാണിച്ച് കോട്‌വാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 30നാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തുന്നത്. കുട്ടി തന്നെയാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്.
ബാബു ഖാന്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കാനെത്തിയത്.
‘പരാതി രജിസ്റ്റര്‍ ചെയ്യാനാണ് ഞങ്ങള്‍ സ്റ്റേഷനിലെത്തിയത്. അവിടെയുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മകളോട് മൊഴി മാറ്റി പറയാന്‍ ഒരുപാട് നിര്‍ബന്ധിച്ചു. അവര്‍ എന്റെ മകളെ തല്ലിച്ചതച്ചു. ഒരു പൊലീസുകാരന്‍ എന്നെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. അകത്ത് അവര്‍ എന്റെ മകളെ മര്‍ദിക്കുയായിരുന്നു. അവര്‍ അവളെ ബെല്‍റ്റ് കൊണ്ട് അടിക്കുന്നത് ഞാന്‍ കണ്ടിരുന്നു,’ കുട്ടിയുടെ അമ്മ പറയുന്നു.
കുട്ടിയെ ആ ദിവസം മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു.
ഓഗസ്റ്റ് 31നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം എത്തിയെങ്കിലും പൊലീസ് പുറത്താക്കുകയായിരുന്നുവെന്നും അമ്മ പറയുന്നുണ്ട്. സെപ്റ്റംബര്‍ 1നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പൊലീസ് തയ്യാകറാക്കിയ ആദ്യ എഫ്.ഐ.ആറില്‍ കുട്ടിയുടെ പ്രായം 17ആയും രേഖപ്പെടുത്തിയിരുന്നു.
പൊലീസ് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു. സി.ഡബ്ല്യൂ.സി അംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്ന സമയത്ത് പൊലീസ് പ്രതിക്കൊപ്പം അവിടെയുണ്ടായിരുന്നുവെന്നും ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മുന്‍പില്‍ പ്രതിയെ കൊണ്ടുവരുന്നത് നിയമത്തിനെതിരാണെന്നും സി.ഡബ്വ്യൂ.സി അംഗമായ സൈരഭ് ബട്ടാചാര്യ പറഞ്ഞു.
Content Highlight: Police brutally attacked 13year old dalit girl for complaining about rape