പത്തനംതിട്ട: പത്തനംതിട്ടയില്‍ യാത്രക്കാരെ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്.ഐ എസ്. ജിനുവിനെയും ഒരു കോണ്‍സ്റ്റബിളിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ നേരത്തെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ഡി.ഐ.ജി അജിത ബീഗത്തിന്റേതാണ് നടപടി.
മര്‍ദനം നേരിട്ട യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ജിനുവിന് പുറമെ സസ്പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ വ്യക്തമല്ല.
പത്തനംതിട്ടയില്‍ വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 അംഗ സംഘത്തിന് നേരെയാണ് പൊലീസ് അതിക്രമം നടന്നത്. തുടര്‍ന്ന് മര്‍ദനമേറ്റ സിത്താര ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ എസ്.ഐ ജിനുവിനും സംഘത്തിനും ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും ചൂണ്ടിക്കാട്ടിയിരുന്നു. പരിക്കേറ്റവരുടെ മൊഴി ഡി.വൈ.എസ്.പി നേരിട്ട് രേഖപ്പെടുത്തിയിരുന്നു.
വിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. ഇന്നലെ (ചൊവ്വ) രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. അതിക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് എത്തിയത് ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയായിരുന്നു. എന്നാല്‍ ആളുമാറി വിവാഹ സംഘത്തെ ആക്രമിക്കുകയായിരുന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലാത്തികൊണ്ടുള്ള ആക്രമണത്തില്‍ സംഘത്തിലുണ്ടായിരുന്ന സ്ത്രീയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവരുടെ പങ്കാളിയുടെ തലക്കും പരിക്കേറ്റിട്ടുണ്ട്.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് സംഘം പറയുന്നത്. എസ്.സി/എസ്.ടി ആക്ട് പ്രകാരം പൊലീസിനെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Content Highlight: Police brutality in Pathanamthitta; Suspension for two officials