| Thursday, 2nd March 2017, 8:14 am

ഇടുക്കിയില്‍ ഹൃദ്രോഗിയായ കര്‍ഷകനെ പൊലീസ് മൂത്രം കുടിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ ഹൃദ്രോഗിയായ കര്‍ഷകനെ തങ്കമണി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. മരിയാപുരം വെളിയാംകുന്നത്ത് ഷിബു ഗോപാല(55)നാണ് പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Also read ആണ്‍സുഹൃത്തുക്കള്‍ ഉണ്ടെന്ന സംശയം മാതാപിതാക്കള്‍ പെണ്‍മക്കളെ കനാലിലെറിഞ്ഞു; പതിനഞ്ചുകാരി മരിച്ചു 


വഴിതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വിളിച്ച് വരുത്തിയ പൊലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയെന്നും മൂത്രം കുടിപ്പിച്ചെന്നുമാണ് ഷിബു പറയുന്നത്. സ്വകാര്യവ്യക്തിയുമായി വഴിത്തര്‍ക്കം ഉണ്ടായിരുന്ന ഷിബുവിനെ ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്കമണി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

ഷിബുവിനോട് ജീപ്പുമായി സ്റ്റേഷനിലെത്താനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ ജീപ്പ് സ്റ്റര്‍ട്ടാകാത്തതിനാല്‍ വാഹനമില്ലാതെയാണ് സ്റ്റേഷനിലെത്തിത്. ഇതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് ഷിബു പറുന്നത്. മുഖത്ത് ഇടിയേറ്റ് നിലത്ത വീണ തന്നെ പൊലീസുകാര്‍ വളഞ്ഞിട്ട് ചവിട്ടുകയായിരുന്നെന്നും ഷിബു പറയുന്നു.

വയറിന്റെ ഇരുവശത്തും കൈകോര്‍ത്ത് പിടിച്ച് ഉയര്‍ത്തിനിര്‍ത്തി മര്‍ദ്ദനം തുടരുകയും അസഭ്യം പറയുകയും ചെയ്തു. അവശനിലയിലായ താന്‍ വെള്ളം ചോദിച്ചപ്പോള്‍ പൊലീസ് മൂത്രമാണ് നല്‍കിയതെന്നും ഷിബു പറയുന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ കാമാക്ഷി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി ചികിത്സ നല്‍കുകയും തിരികെ സ്റ്റേഷനില്‍ എത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഇരുത്തിയശേഷം ജാമ്യത്തില്‍ വിടുകയുമായിരുന്നു.

സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിയ ഷിബു കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടതുകണ്ണിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഷിബുവിന്റെ ഭാര്യ ലത പോലിസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഡി.ജി.പി.ക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുക മാത്രമായിരുന്നെന്നും ക്യാന്‍സര്‍ രോഗിയാണെന്നു പറഞ്ഞതിനാലാണ് ആശുപത്രിയില്‍ കൊണ്ടു പോയതെന്നുമാണ് തങ്കമണി സ്‌റ്റേഷന്‍ എസ്.ഐ പറയുന്നത്.

We use cookies to give you the best possible experience. Learn more