മൂന്നാര്‍: വിവാദ പരാമര്‍ശം നടത്തിയ മന്ത്രി മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പ്രതിഷേധിച്ച പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തരകര്‍ക്കെതിരെ പൊലീസ് അതിക്രമം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ബലം പ്രയോഗിച്ചത്.
സമരക്കാര്‍ക്കൊപ്പമുണ്ടായ പൊമ്പിളൈ ഒരുമൈ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കുമാറിനും മറ്റൊരാള്‍ക്കും നേരെയാണ് പൊലീസ് അതിക്രമം അഴിച്ച് വിട്ടത്. സ്ത്രീകള്‍ക്കൊപ്പമുണ്ടായ പുരുഷന്മാരോട് നിങ്ങള്‍ക്കെന്താ ഇവിടെ കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇത് തടയാനെത്തിയ സ്ത്രീകളെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ കുമാര്‍, പൊമ്പിളൈ ഒരുമൈ ജനറല്‍ സെക്രട്ടറി രാജേശ്വരി, കൗസല്ല്യ എന്നിവരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകായാണ്. കുമാറിന്റെ ഇരുഭാഗത്തും നിന്ന് പൊലീസ് ക്രൂരമായ് മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് കുമാറിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതായും ആരോപണമുണ്ട്. മര്‍ദ്ദനത്തില്‍ കുമാറിന്റെ ഇരു നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്.
മര്‍ദ്ദനം തടയാനെത്തിയ കൗസല്ല്യയെ പൊലീസ് പിടിച്ച് തള്ളുകയായിരുന്നെന്നാണ് പരാതി. താഴെ വീണ കൗസല്ല്യയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മറ്റു രണ്ട് സ്ത്രീകള്‍ ഇപ്പോഴും സമരം തുടരുകയാണ്. സമരക്കാരെ റോഡരികിലേക്ക് നീക്കിയാണ് പൊലീസ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടിരിക്കുന്നത്.