പമ്പ: ശബരിമലയിലേക്ക് പോകാനായി നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വറിനെ പൊലീസ് തടഞ്ഞു. പൊലീസിന്റേത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോടതിയുടെ അനുമതി തേടാനാണ് പൊലീസ് പറയുന്നത്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോടതി അനുമതിയോടെ ശബരിമലയിലേക്ക് പോകുമെന്നും രാഹുല്‍ പറഞ്ഞു.
“ഞങ്ങളാരും പ്രക്ഷോഭകാരികളോ പ്രതിഷേധകാരികളോ അല്ല,. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്.” എന്നും രാഹുല്‍ പറഞ്ഞു.
തന്നെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് റാന്നി കോടതി ഉത്തരവിട്ടെന്നാണ് പറയുന്നത്. കോടതി അങ്ങനെയൊരു ഉത്തരവിട്ടിട്ടില്ല. ജാമ്യമായി 25000 രൂപ കെട്ടിവെക്കണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സമാനമായ രീതിയിലുള്ള മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നതായിരുന്നു മറ്റൊരു നിബന്ധന. ഇതിലെവിടെയും ശബരിമല പോകരുതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“കടുത്ത മനുഷ്യാവകാശ ലംഘനവും ഭക്തരുടെ അവകാശ ലംഘനവുമാണ് നടക്കുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതാണ്. ആ പ്രാര്‍ത്ഥിക്കാന്‍ വന്ന ഞങ്ങളെ തടയുന്ന സമീപനമാണിത്. ” അദ്ദേഹം പറഞ്ഞു.
മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പൊലീസ് നിലപാട് അനുസരിക്കുകയാണെന്നും കോടതി പിന്തുണയോടെ ശബരിമലയിലേക്ക് പോകാന്‍ തിരിച്ചുവരുമെന്നും പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.