| Thursday, 15th November 2018, 12:05 pm

ശബരിമലയിലേക്ക് കാനനപാതയിലൂടെയെത്തിയ തീര്‍ത്ഥാടകരെ അഴുതയില്‍ വനംവകുപ്പ് തടഞ്ഞു: തടഞ്ഞത് ആറുപേരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി കാനനപാതയിലൂടെ എത്തിയ തീര്‍ത്ഥാടകരെ അഴുതയില്‍ വനംവകുപ്പ് തടഞ്ഞു. ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം ആറ് തീര്‍ത്ഥാടകരെയാണ് തടഞ്ഞത്.

നിലയ്ക്കലില്‍ നിന്ന് രാവിലെ പത്തുമണിക്കുശേഷം മാത്രമേ ഭക്തരെ കാല്‍നടയായി പോകാന്‍ അനുവദിക്കൂവെന്ന് പൊലീസ് ഇന്നലെ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. പന്ത്രണ്ടു മണിക്കു മാത്രമേ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കൂവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാനന പാത വഴിവരുന്നവരുടെ കാര്യത്തില്‍ പൊലീസ് തീരുമാനമൊന്നും പറഞ്ഞിരുന്നില്ല.

Also Read:ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി

ഇന്നുരാവിലെയാണ് ആറ് തീര്‍ത്ഥാടകര്‍ പരമ്പരാഗത പാതവഴി പോകുന്നതിനായി എരുമേലിയില്‍ നിന്നും അഴുതവരെയെത്തിയത്. അഴുതയില്‍ നിന്ന് കല്ലെടുത്ത് ആ കല്ലുംകൊണ്ട് മലചവിട്ടുകയെന്നതാണ് പരമ്പരാഗതമായ രീതി. അതിനായി വനത്തിനുള്ളിലേക്ക് എത്തിയ തീര്‍ത്ഥാടകരെയാണ് പൊലീസ് തടഞ്ഞത്.

ഇപ്പോള്‍ ഇതുവഴി കടത്തിവിടാനാവില്ലയെന്ന കാര്യമാണ് വനംവകുപ്പ് അധികൃതര്‍ അറിയിച്ചത്. സാധാരണ മണ്ഡലകാലത്ത് നടതുറക്കുന്നതിന്റെ തലേദിവസം മുതല്‍ പരമ്പരാഗത പാതവഴി അയ്യപ്പന്‍മാരെ കടത്തിവിടാറുണ്ട്. എന്നാല്‍ നിലവിലെ പ്രത്യേക അന്തരീക്ഷം കണക്കിലെടുത്ത് ഇതിന് സാധിക്കില്ലെന്നാണ് പൊലീസ് അറിയിച്ചത്.

Also Read:യുവതീ പ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്; നിലപാടില്‍ മാറ്റമില്ലെന്നും രമേശ് ചെന്നിത്തല

നേരത്തെ ചിത്തിര ആട്ടവിശേഷത്തിന് ശബരിമല തുറന്ന വേളയില്‍ പൊലീസ് സുരക്ഷ മറികടന്ന് വലിയ തോതില്‍ ആളുകള്‍ കാനനപാത വഴി ശബരിമലയിലെത്തിയിരുന്നു. ഇത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ നടപടി.

We use cookies to give you the best possible experience. Learn more