| Wednesday, 24th September 2014, 7:59 am

നില്‍പ് സമരം: വസ്തുതാന്വേഷണ സംഘത്തെ പോലീസ് തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: നില്‍പ് സമരവുമായി ബന്ധപ്പെട്ട് ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപീകരിക്കപ്പെട്ട വസ്തുതാന്വേഷണ സംഘത്തെ പോലീസ് തടഞ്ഞു. ഉദയഗിരിഗ്രാമത്തിലെ പാപ്പിമല പള്ളിക്ക് സമീപമാണ് ഇവരെ പോലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്.

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ് സമരം തുടരുന്ന ആദിവാസികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ വസ്തുതകള്‍ തേടിയാണ് സംഘം യാത്ര തിരിച്ചത്. വസ്തുതകള്‍ കണ്ടെത്തി ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു യാത്ര. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം കണ്ണൂരില്‍ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.

യാത്ര ആരംഭിച്ച സംഘം ആറളം എസ്റ്റേറ്റ് സന്ദര്‍ശിച്ച് അവിടെയുള്ള ആദിവാസികളുമായി സംവദിച്ച് കാര്യങ്ങള്‍ മനസിലാക്കിയശേഷം ഉദയഗിരി മേഖലയിലേക്ക് പോയി. യാത്ര തിരിച്ച വാഹനം പാപ്പിമലയില്‍ നിര്‍ത്തി അവിടെ നിന്നും ജീപ്പിലായിരുന്നു തുടര്‍ന്ന് യാത്രനടത്തിയത്. തിരിച്ചുവരും വഴി പാപ്പിമല പള്ളിയ്ക്ക് സമീപത്ത് ഇവരുടെ ജീപ്പ് തടഞ്ഞുനിര്‍ത്തി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

വളരെ പരുഷമായും സംശയാസ്പദമായുമാണ് പോലീസ് പെരുമാറിയതെന്ന് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന കുസുമം ടീച്ചര്‍ ആരോപിക്കുന്നു. വസ്തുതാന്വേഷണ സംഘത്തെക്കുറിച്ചും തങ്ങള്‍ തലേദിവസം നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചും പോലീസിനെ അറിയിച്ചിരുന്നു.

” ഞങ്ങളെ തടഞ്ഞുനിര്‍ത്തി വളരെ പരുഷമായാണ് പോലീസ് ഞങ്ങളോട് ഇടപെട്ടത്. അവിടെ പോകാന്‍ പാടില്ല. കാരണം മാവോയിസ്‌റ്‌റുകളുണ്ട്. ഇതാണ് അവരുടെ ന്യായം. മാവോയിസ്റ്റുകളുണ്ടെങ്കില്‍ പോലീസ് അവരെ പിടിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. അല്ലാതെ ആദിവാസികള്‍ പൗരസമൂഹവുമായി ബന്ധപ്പെടുന്നത് വിഘ്‌നം സൃഷ്ടിക്കുകയല്ല.” കുസുമം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ആദിവാസികളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റാനുള്ള ശ്രമമായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. “ആദിവാസികള്‍ പൊതുസമൂഹവുമായി ഇടപെടാന്‍ പാടില്ലയെന്നത് എന്ത് ജനാധിപത്യമാണ്? ആദിവാസികളില്‍ നിന്ന് വിവരം ശേഖരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കാനുള്ള ഇടപെടലാണ് ഞങ്ങള്‍ നടത്തിയത്. ആരെങ്കിലും അവിടം സന്ദര്‍ശിച്ചാല്‍ പോലീസിനെ അറിയിക്കണമെന്നാണ് പോലീസ് ആദിവാസി ഊരുകളില്‍ കയറി പറയുന്നത്. മാവോവാദികളുടെ പേര് പറഞ്ഞ് ആദിവാസികളെ ക്യാമറ കണ്ണുകള്‍ക്ക് കീഴിലാക്കുകയാണ് പോലീസ്. ഇതാണോ ജനാധിപത്യം?” എന്നും കുസുമം ടീച്ചര്‍ ചോദിക്കുന്നു.

“ഈ ഒറ്റപ്പെടുത്തലിലൂടെ ആദിവാസികള്‍ക്ക് വലിയ തോതിലുള്ള നഷ്ടവുമുണ്ടാവും. അവരുടെ സമരത്തില്‍ സഹായിക്കുന്നത് തെറ്റാണോ. ശരിയാണ് എന്ന് തോന്നുന്ന സമരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പോലീസിന്റെ നടപടി ബഹുജനങ്ങളില്‍ ഭയം സൃഷ്ടിച്ച് ആദിവാസികളെയും അവരില്‍ നിന്നും അകറ്റുകയാണ് പോലീസിന്റെ ലക്ഷ്യം. ” ടീച്ചര്‍ അഭിപ്രായപ്പെട്ടു.

പൊതുസമൂഹത്തിന് ആദിവാസികളുമായി ഇടപെടാനും അവരുമായി അടുക്കാനും സ്വാതന്ത്ര്യം വേണ്ടേയെന്നും അവര്‍ ചോദിക്കുന്നു.

ബി.ആര്‍.പി ഭാസ്‌കര്‍, കെ. വേണു, സിവിക് ചന്ദ്രന്‍, കുസുമം തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തിലുള്ളത്.

We use cookies to give you the best possible experience. Learn more