| Tuesday, 20th November 2018, 11:31 am

യു.ഡി.എഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ടുപോകുമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലയ്ക്കല്‍: ശബരിമല സന്ദര്‍ശനത്തിനായി ഇറങ്ങിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. എം.എല്‍.എമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരേയും കടത്തി വിടാമെന്ന പൊലീസ് ആവശ്യം യു.ഡി.എഫ് നേതാക്കള്‍ അംഗീകരിച്ചില്ല.

അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമ്മള്‍ തമ്മില്‍ നോക്കിയാല്‍ മതിയല്ലോ; ഭക്തരെ എന്തിന് ബുദ്ധിമുട്ടിക്കണം; ശബരിമലയെ രാഷ്ട്രീയ വേദിയാക്കരുത്; ബി.ജെ.പിയെ വിമര്‍ശിച്ച് പിണറായി


144 പിന്‍വലിക്കണം. മൂന്നോ നാലോ എം.എല്‍.എമാരെ മാത്രം കടത്തിവിടാമെന്നാണ് പറയുന്നത്. നിരോധനാഞ്ജ എന്തിനാണ്. അയ്യപ്പഭക്തന്‍മാരെ എന്തിന് തടയുന്നു. കലാപം ഉണ്ടാക്കുന്നവരുണ്ടെങ്കില്‍ അവരെ അറസ്റ്റു ചെയ്യണം. സംഘപരിവാര്‍ ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതി. ഒരു കാലത്തും ഒരു ആരാധനാലയത്തിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇവിടെ. ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പ്രളയാനന്തരം ഒരുക്കേണ്ട സൗകര്യം ഇവിടെ ഒരുക്കിയില്ല. ഇവിടെ എല്ലാം താറുമാറായി കിടക്കുന്നു. ഭക്തജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍.എസ്.എസുകാരാണോ നാമം ജപിക്കുന്നവര്‍ മുഴുവന്‍. ഇരുമുടിക്കെട്ടുമായി വരുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യത ഗവര്‍മെന്റിനില്ലേ. ശബരിമലയില്‍ മുഖ്യമന്ത്രി പൂര്‍ണമായും പരാജയപ്പെട്ടു. അദ്ദേഹത്തിനെ കൊണ്ട് ഇതു നടക്കില്ല. ഞങ്ങള്‍ 144 ലംഘിക്കുന്നു. ശബരിമലയുടെ പരിപാവനത കാത്തുരക്ഷിക്കാന്‍ അത് തടസ്സമാണ്.

ഞങ്ങളെ കടത്തിവിടില്ലെന്ന് പൊലീസ് പറയുന്നു. യു.ഡി.എഫിന്റെ അവകാശത്തെ അവര്‍ ഇല്ലാതാക്കാന്‍ വരുന്നു. ഞങ്ങള്‍ 144 ലംഘിക്കും. ഞങ്ങളെ അറസ്റ്റു ചെയ്യണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ.. ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും- ചെന്നിത്തല പറഞ്ഞു.

We use cookies to give you the best possible experience. Learn more