പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവിന്റെ വൃഷ്ണം തകര്‍ത്തു
Daily News
പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവിന്റെ വൃഷ്ണം തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2017, 6:56 pm

എറണാകുളം: പുതുവെപ്പില്‍ ഐ.ഒ.സിയുടെ എല്‍.പി.ജി പ്ലാന്റിനെതിരെയുളള ജനകീയ സമരത്തിനെതിരെ പൊലീസിന്റെ ആക്രമണം. ഹൈക്കോടതി ജംഗഷനില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് തല്ലി ചതയ്ക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്തവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 321 പേരെ അറസ്റ്റ് ചെയ്ത് അഞ്ച് സ്റ്റേഷനുകളിലായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. കസബ (105), മുളവുകാട് (56), എറണാകുളം നോര്‍ത്ത് (44) സെന്‍ട്രല്‍ (66) കടവന്ത്ര (90) എന്നീ സ്റ്റേഷനുകളിലാണ് ഇവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുന്നത്.

പൊലീസ് ആക്രമണത്തില്‍ വൃഷണം തകര്‍ന്ന സി.പി.ഐ നേതാവ് ഫ്രാന്‍സിസിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനനേന്ദ്രിയ ഭാഗത്തില്‍ ഞെക്കിയാണ് യുവാവിനെ പൊലീസ്ആക്രമിച്ചത്. 13 വയസിനും ആറുവയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഏഴു കുഞ്ഞുങ്ങള്‍ മാലിപ്പുറം ആശുപത്രിയില്‍ ചികിത്സയിലാണ്. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ അടക്കമുളള നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാഗ്ലിന്‍, സി ജി ബിജു, സേവ്യര്‍, തുടങ്ങിയ നേതാക്കളും അറസ്റ്റിലാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ 122 ദിവസമായ നടക്കുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വെപ്പിന്‍ മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് ഹൈക്കോടതി ജംഗ്ഷനിലേക്ക് സമരവുമായെത്തിയ വെപ്പിന്‍ സ്വദേശികളായ പ്രതിഷേധക്കാരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജനങ്ങളോട് യാതൊരു നീതിയും പുലര്‍ത്താണ് സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സമരക്കാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read: ‘മെട്രോയുടെ തൂണില്‍ ഏണി ചാരിവച്ച് സിമന്റ് പൂശിക്കൊണ്ടിരുന്ന ആളുടെ മുഖത്ത് കെട്ടിയ ടവല്‍ അഴിഞ്ഞുവീണതും ഞാന്‍ ഞെട്ടി.. !! സാക്ഷാല്‍ മോദിജി.. !!


മര്‍ദ്ദനത്തില്‍ ഏഴോളം കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പൊലീസിനെ അതിക്രമിച്ചുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസു ചേര്‍ത്തിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ 122 ദിവസമായി തുടരുന്ന, ന്യായമായ അവശ്യം ഉന്നയിച്ചുള്ള സമരത്തെ അടിച്ചമര്‍ത്തുകയാണ് പൊലീസ് മര്‍ദ്ദനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിഷേധക്കാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ജനവാസകേന്ദ്രത്തില്‍ നിന്നും വെറും മുപ്പത് മീറ്റര്‍ മാത്രം അകലെയാണ് പ്ലാന്റ് വരാന്‍ പോകുന്നത്. ഇത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടത്തിന് വിരുദ്ധമാണ്. മാത്രവുമല്ല, ദേശീയ ഹരിത ട്രിബ്യൂണില്‍ നല്‍കിയ ഹര്‍ജി പ്രകാരം കടല്‍ തീരത്തു നിന്നും 300 മീറ്റര്‍ ഉള്ളിലേക്ക് മാറി മാത്രമേ പ്ലാന്റ് നിര്‍മ്മിക്കാന്‍ പാടുള്ളുവെന്ന് ഇടക്കാല ഉത്തരവുമുണ്ട്. ഇത് മറികടന്നാണ് പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നതെന്നും അവര്‍ പറഞ്ഞു.


Don”t Miss: ‘ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി..’; പോ മോനേ മോദി ട്രെന്റ് ഇനിയും അവസാനിച്ചിട്ടില്ല; ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രം വൈറലാകുന്നു


സമരമുഖത്തു നിന്നും സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയുമടക്കം പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്നും ഇതിനെതിരെ നാളെ ഗോശ്രീ ജംഗ്ഷനില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പതിനായിരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധ സംഗമം നടത്തുമെന്നും സമരക്കാര്‍ അറിയിച്ചു.

അതേസമയം, അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് ആരും ജാമ്യം എടുക്കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം. പൊലീസിനെ ആക്രമിച്ചുവെന്നതടക്കമുള്ള, സമരക്കാരുടെ മേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും പൊലീസ് നടപടിയില്‍ അന്വേഷണം മര്‍ദ്ദനം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുകയാണ്. അനുകൂലമായ നടപടിയുണ്ടാകുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും പ്രതിഷേധക്കാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.