എറണാകുളം: കൊച്ചിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മാന്‍ പവര്‍ കമ്പനി തൊഴിലാളിയായ കാക്കനാട് സ്വദേശി റിനീഷാണ് എറണാകുളം നോര്‍ത്ത് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം പാലത്തിനടിയില്‍ നിന്ന തന്നെ നോര്‍ത്ത് പൊലീസ് എസ്.എച്ച്.ഒ അകാരണമായി മര്‍ദിച്ചെന്നും കസ്റ്റഡിയിലെടുത്തെന്നുമാണ് പരാതിയുള്ളത്.
മര്‍ദനത്തിനിടെ പൊലീസ് തന്റെ മുഖത്തടിച്ചെന്നും ലാത്തിയുപയോഗിച്ച് കാലിനടിച്ചെന്നും റിനീഷ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മര്‍ദനത്തിന് ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ട് പോയ താന്‍ തലകറങ്ങി വീണെന്നും ആശുപത്രിയില്‍ എത്തിയതിന് ശേഷം ഛര്‍ദ്ദിച്ചെന്നും റിനീഷ് പറഞ്ഞു.
‘ഞാനൊരു മാന്‍പവര്‍ കമ്പനി ജീവനക്കാരനാണ്. ഹോട്ടലുകളിലേക്ക് ജീവനക്കാരെ തപ്പിയിറങ്ങിയ ഞാന്‍ നോര്‍ത്ത് പാലത്തിനടിയില്‍ വിശ്രമിക്കുകയായിരുന്നു. എന്റെ കൂടെ വേറൊരു ഫീല്‍ഡ് ഓഫീസറും ഉണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് ചെവിയില്‍ ഹെഡ്‌സെറ്റ് വെച്ച് പാട്ട് കേള്‍ക്കുകയായിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വടിയും കൊണ്ട് ഒരു പൊലീസുകാരന്‍ വന്നു. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. തണലായത് കൊണ്ട് ഇരുന്നതാണെന്ന് പറഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. വീട് എവിടെയാണെന്നൊക്കെ ചോദിച്ചു.
കാക്കനാടാണെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് അവിടുന്ന് ഇവിടെ വരെ വന്നതെന്നൊക്കെ ചോദിച്ചു. മൊബൈല്‍ കൊടുക്കാന്‍ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ പോക്കറ്റിലിട്ടു. പിന്നെ പരിശോധിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കൊടുത്തു.
പിന്നെ ചോദിച്ചു പോക്കറ്റിലെന്താണ് ഉള്ളതെന്ന്. ഹെഡ്‌സെറ്റ് മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ ലാത്തിവെച്ച് കാലിനടിച്ചു. അടിച്ച വഴിക്ക് ലാത്തി പൊട്ടി. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോ മുഖത്ത് കൈവീശി വീണ്ടും അടിച്ചു. നിന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി കാണിച്ച് തരാമെന്ന് പറഞ്ഞ് പൊലീസ് ജീപ്പിലേക്ക് വലിച്ച് കയറ്റി.
എന്നിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി വീണ്ടും പരിശോധിച്ചു. ഒന്നും ഉണ്ടായിരുന്നില്ല. അവിടെ വെച്ച് എനിക്ക് തലകറങ്ങി. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ ഡോക്ടറോട് മര്‍ദ്ദനമേറ്റ കാര്യം പറഞ്ഞു. അപ്പോള്‍ അവിടെ വെച്ച് രണ്ട് വട്ടം ഛര്‍ദ്ദിച്ചു,’ റിനീഷ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് നോര്‍ത്ത് പൊലീസ് പറയുന്നത്. അതേസമയം കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കൊണ്ട് തൃക്കാക്കര എം.എല്‍.എ ഉമ തോമസ് രംഗത്തെത്തി.
Content Highlight: police beat youth at kochi , for no reason